1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ വിശ്രമമില്ലാത്ത 63 വര്‍ഷത്തിനിടെ രാജ്യത്തിന് നല്‍കിയത് വിലമതിക്കാനാവാത്ത എഞ്ചിനിയറിംഗ് അത്ഭുതങ്ങള്‍, മെട്രോമാന്‍ രാഷ്ട്രീയ പ്രവേശം നടത്തുമ്പോള്‍

അങ്ങനെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ ഇ ശ്രീധരന്‍ മത്സരിക്കും എന്നകാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുകയാണ്, കേരളത്തില്‍ ശ്രീധരനുള്ള പൊതുപിന്തുണ എത്രമാത്രമാണ് എന്ന് മെട്രോ ഉദ്ഘാടന ദിവസം തന്നെ കേരളം കണ്ടതാണ്. മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ശ്രീധരനെ പൊതുസമൂഹം ഇടപെട്ട് വേദിയില്‍ എത്തിച്ചത് മറ്റൊരു ചരിത്രം. അങ്ങനെ രാജ്യ വികസനത്തില്‍ മലയാളിയുടെ മിന്നും മുഖമായ ശ്രീധരന്‍ മത്സര രംഗത്തേയ്ക്ക് ഇറങ്ങുകയാണ്...
ഒരു തരത്തിലും സിപിഎമ്മിനും കോണ്‍ഗ്രസിനും വ്യക്തിപരമായി എതിര്‍ക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ ഡയലോഗ് പോലെയാണ് അദേഹത്തിന്റെ പോളിസി, മമ്മൂട്ടി പറയുന്നത് രാജാ സൊല്ല്‌റത് മട്ടും താന്‍ സൈയ്വാ, സെയ്യിറത് മട്ടുംതാന്‍ സൊല്‍വാ... എന്നാണ്. പറയുന്നത് മാത്രം ചെയ്യുന്ന കര്‍മ്മ നിരതനാണ് മെട്രോമാനായ ഇ ശ്രീധരന്‍.
കൊച്ചി മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തന്റെ ഔദ്യോഗിക ജീവിതത്തിന് വിശ്രമം നല്‍കുമെന്ന് പ്രഖ്യാപിച്ച ശ്രീധരന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അത് ബിജെപിയുടെ കേരളത്തിനായി ഒളിപ്പിച്ചുവച്ച രഹസ്യ തന്ത്രം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിയായി ഏഴു കൊല്ലം മുമ്പ് അധികാരത്തില്‍ എത്തിയപ്പോള്‍ കാബിനറ്റ് റാങ്കില്‍ ഇ ശ്രീധരന്‍ മന്ത്രിയാകുമെന്ന് എല്ലാവരും കണക്കുകൂട്ടി. എന്നാല്‍ അത് സംഭവിച്ചില്ല. ഒരുപക്ഷേ കേരളത്തില്‍ ബിജെപിയുടെ വിജയ തേരോട്ടത്തിന് തേരാളിയാകാനുള്ള ദൗത്യം അദേഹത്തില്‍ സുരക്ഷിതമാണ് എന്ന് കരുതിയതുകൊണ്ടാകാം.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് അദേഹം കാലെടുത്ത് വയ്ക്കുമ്പോള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം രാഷ്ട്രീയത്തിലും ആവര്‍ത്തിച്ചാല്‍ അത് കേരളചരിത്രത്തില്‍ ബിജെപിയ്ക്ക് തങ്ക ലിപികളില്‍ കൊത്തിവയ്ക്കാം.
ശ്രീധരന്‍ ബിജെപിയില്‍ എത്തുമ്പോള്‍ ബിജെപിയിലേയ്ക്ക് കാല്‍ വയ്ക്കാന്‍ മടിച്ചുനില്‍ക്കുന്ന കേരളത്തിലെ പല പ്രമുഖരും സ്വാഭാവികമായും ഇറങ്ങിത്തുടങ്ങും. അത് അദ്ദേഹം ഇന്ന് പ്രവചിച്ചതുമാണ്. അതുപോലെതന്നെ എല്ലാ മത വിഭാഗങ്ങളിലും സ്വാധീനമുള്ള വ്യക്തിത്വമാണ് ശ്രീധരന്‍. അതു വോട്ടായി മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടിലായിരുന്നു ശ്രീധരന്‍. ഇതിനിടെ കെ സുരേന്ദ്രനും കൂട്ടരും അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു. ഇതെല്ലാം വ്യക്തമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നു എന്നുള്ളത് ആരും അറിയാത്ത മറ്റൊരു വസ്തുത. കേന്ദ്രം ഇടപെട്ടതിനാലാണ് ഇത് ഒരു രഹസ്യായുധമായി തന്നെ വയ്ക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചത്, കാര്യങ്ങളെല്ലാം ഡല്‍ഹിയിലിരുന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു നീക്കി.
പാലക്കാട് ജില്ലയിലെ കറുകപുത്തൂരില്‍ കീഴൂട്ടില്‍ നീലകണ്ഠന്‍ മൂസതിന്റെയും കാര്‍ത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പില്‍ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളില്‍ ഏറ്റവും ഇളയവനായ ശ്രീധരന്‍ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവില്‍ എന്‍ജിനിയര്‍മാരില്‍ ഒന്നാമനായി മാറുകയായിരുന്നു. ശ്രീധരനായി ഉറച്ച സീറ്റ് തന്നെ ബിജെപി മാറ്റി വയ്ക്കും. നേമത്ത് രാജഗോപാലിന്റെ പിന്‍ഗാമിയായി ശ്രീധരന്‍ എത്താനും സാധ്യതയുണ്ട്. തിരുവനന്തപുരവും വട്ടിയൂര്‍ക്കാവും ശ്രീധരന് ജയിക്കാന്‍ പറ്റുന്ന സീറ്റുകളാണ്. പാലക്കാടും പരിഗണനയിലുണ്ട്. ഇതില്‍ ഏത് സീറ്റ് ചോദിച്ചാലും ശ്രീധരന് നല്‍കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീധരനെ മോദി പ്രഖ്യാപിക്കുകയും ചെയ്യും.
1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ വിശ്രമമില്ലാത്ത 63 വര്‍ഷത്തിനിടെ രാജ്യത്തിന് നല്‍കിയത് വിലമതിക്കുന്ന നിരവധി പദ്ധതികളാണ്. പാമ്പന്‍പാലം 1964ല്‍ 46 ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പന ശ്രീധരന്റേതാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആദ്യ കപ്പല്‍ റാണിപത്മിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കപ്പല്‍ശാലയുടെ സി എം ഡി ശ്രീധരനാണ്. 1990ല്‍ റെയില്‍വേയില്‍നിന്നു വിരമിച്ച് കൊങ്കണ്‍ റെയില്‍വേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവര്‍ഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റര്‍ കൊങ്കണ്‍പാത പൂര്‍ത്തിയാക്കി. തുടര്‍ന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീര്‍ക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആര്‍സിയില്‍. നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍
നിശ്ചിയിച്ച സമയത്തിന് രണ്ടുവര്‍ഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവര്‍ഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.
നാലരവര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുര്‍, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേല്‍നോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികള്‍ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടില്‍നിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും മാനേജ്‌മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങള്‍ക്കായി വിവിധ സമിതികളിലും പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരന്‍ ചെലവാക്കിയില്ല.
ശ്രീധരനെയും ഡി.എം.ആര്‍.സിയെയും കൊച്ചി മെട്രോയില്‍നിന്ന് പുകച്ചുചാടിക്കാന്‍ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു. ശ്രീധരന്റെ അസാന്നിധ്യത്തില്‍ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷന്‍ പണം കിട്ടാന്‍ പാഞ്ഞു നടന്നവരായിരുന്നു ഇവര്‍. പക്ഷേ, ശ്രീധരന്‍ കൊച്ചി മെട്രോ നിര്‍മ്മാണനേതൃത്വത്തില്‍ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീര്‍ച്ചകളെ മറയ്ക്കാന്‍ മാത്രം ശക്തി ഈ ശ്രമങ്ങള്‍ക്കുണ്ടായിരുന്നില്ല. മറുവശത്ത് ശ്രീധരന്‍ ഒറ്റയ്ക്കായിരുന്നിട്ട് പോലും. കൊച്ചി മെട്രോയുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയായത് ഇങ്ങനെയാണ്.
എന്തായാലും ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണ്. ശ്രീധരന്‍ മത്സരിക്കണമെന്നുള്ള ആവശ്യം അദ്ദേഹത്തിന് മുന്നില്‍വെയ്ക്കുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























