കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ബലാങ്കീര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ഉടന്‍ തന്നെ ബലാങ്കീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തലയിലേറ്റ പരിക്കാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെയും പോസ്റ്റുമോര്‍ട്ടം പരിശോധനയുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























