യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍

അമേരിക്കന്‍ ഡ്രോണ്‍ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാന്‍ഡൈക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മറ്റൊരു അമേരിക്കന്‍ പൗരന്‍ കൂടി മണിപ്പൂരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ പിടിയിലായി. മുന്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികനെന്ന് അവകാശപ്പെടുന്ന കാലിഫോര്‍ണിയ സ്വദേശി ജോര്‍ദാന്‍ ബ്രൗണിനെയാണ് ജൂലൈ 11ന് ഉത്തര്‍പ്രദേശിലെ സൊനൗലിയിലെ ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് സശത്ര സീമ ബല്‍ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളുമില്ലാതെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. എസ്എസ്ബി ജവാനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബ്രൗണിനെ പ്രാദേശിക ഗ്രാമവാസികളുടെ സഹായത്തോടെയാണ് സുരക്ഷാ സേന വളഞ്ഞുപിടിച്ചത്. പിടിയിലായ സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് 31,460 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. എന്നാല്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളോ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കുന്ന മൊഴികള്‍ അടിക്കടി മാറുന്നത് അന്വേഷണ ഏജന്‍സികളെ കുഴപ്പിക്കുന്നുണ്ട്. തായ്‌ലന്‍ഡില്‍ വെച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ശ്രീലങ്ക വഴി കടല്‍മാര്‍ഗ്ഗം 2025 നവംബര്‍ 2ന് ഇന്ത്യയിലെത്തിയെന്നും ഇയാള്‍ ആദ്യം പറഞ്ഞു. അതിനുശേഷം ഗോവയില്‍ താമസിച്ചുവരികയായിരുന്നു എന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ മറ്റൊരു മൊഴിയില്‍, താന്‍ രണ്ട് മാസം മുന്‍പ് അമേരിക്കയില്‍ നിന്ന് നേരിട്ട് ഗോവയില്‍ എത്തിയതാണെന്നും അവിടെ ആറാഴ്ച ചെലവഴിച്ച ശേഷം ബംഗളൂരു, ലഖ്‌നൗ വഴി അതിര്‍ത്തിയില്‍ എത്തിയതാണെന്നും ഇയാള്‍ പറഞ്ഞു.
നേപ്പാളിലുള്ള 'നാസ്' എന്ന സുഹൃത്തിനെ കാണാനാണ് പോകുന്നതെന്നും തന്റെ പാസ്‌പോര്‍ട്ട് ബംഗളൂരുവിലെ മറ്റൊരു സുഹൃത്തിന്റെ പക്കലാണെന്നും ഇയാള്‍ പറയുന്നുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. ആറ് വര്‍ഷത്തോളം യുഎസ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതായി അവകാശപ്പെടുന്ന ബ്രൗണിന് സ്‌പെഷ്യല്‍ ഫോഴ്‌സ് പശ്ചാത്തലമുള്ളത് അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. താന്‍ മൂന്ന് വര്‍ഷം മുന്‍പ് ഇറ്റലിയില്‍ വെച്ച് ഒരു ഉത്തരാഖണ്ഡ് സ്വദേശിനിയെ പരിചയപ്പെട്ടെന്നും 2024 ഒക്ടോബറില്‍ അവരെ വിവാഹം കഴിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. മ്യാന്‍മറിലെ സായുധ ഗ്രൂപ്പുകള്‍ക്ക് ഡ്രോണ്‍ യുദ്ധമുറകളിലും മറ്റും പരിശീലനം നല്‍കിയതിന് അഞ്ച് യുെ്രെകന്‍ പൗരന്മാരെയും മാത്യു വാന്‍ഡൈക് എന്ന അമേരിക്കക്കാരനെയും എന്‍.ഐ.എ പിടികൂടിയ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണിന്റെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























