വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും

വിയറ്റ്‌നാമില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. മുംബൈ വിമാനത്താവളത്തില്‍ നിന്നും രാവിലെ 6.30ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ (അക 2605) വിമാനത്തിലാകും മൃതദേഹങ്ങള്‍ എത്തിക്കുക. രാവിലെ 8.50നാണ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നത്. ഇവിടെനിന്നും മൃതദേഹങ്ങള്‍ കൊട്ടാരക്കരയിലെ വസതിയില്‍ എത്തിക്കും. നോര്‍ക്കയുടെ നേതൃത്വത്തിലാണ് മൃതദേഹം എത്തിക്കുക.
32 ഇന്ത്യക്കാരും 4 ജീവനക്കാരുമായി പോയ സ്പീഡ് ബോട്ട്, ഫൂക്വോക് ദ്വീപിനു സമീപമാണ് ശനിയാഴ്ച മുങ്ങിയത്. അപകടത്തില്‍ 2 മലയാളികള്‍ക്കും 10 തമിഴ്‌നാട് സ്വദേശികള്‍ക്കും 3 ആന്ധ്രപ്രദേശ് സ്വദേശികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം, തെലങ്കാന എന്നിവിടങ്ങളില്‍നിന്നുള്ള ബിസിനസുകാര്‍ക്കായി മൊബൈല്‍ ഫോണ്‍–ലാപ്‌ടോപ് നിര്‍മാണ കമ്പനി ഏര്‍പ്പെടുത്തിയ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.
മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കാന്‍ വിയറ്റ്‌നാം അധികൃതരുമായി എംബസി ബന്ധപ്പെട്ടിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ വിയറ്റ്‌നാം സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ താമസിച്ചെന്നും ആരോപണമുണ്ട്. അതേസമയം അപകടത്തില്‍പ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്‌നാം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയാണ് ക്യാപ്റ്റന്‍ നുയെന്‍ ഹോങ് ഹായിനെ (57) കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha

























