കോൺഗ്രസ് ആകെ കുഴഞ്ഞ് മറിഞ്ഞ്... മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം... വ്യത്യസ്ഥ അഭിപ്രായങ്ങളുമായി നേതാക്കൾ...

പാലാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി വിട്ടു കോൺഗ്രസിൽ വന്ന മാണി സി കാപ്പനെ യുഡിഎഫിൽ ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന നിലപാടാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനുളളത്.
കാപ്പനെ കോണ്‍ഗ്രസിലെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി ഇപ്പോൾ നിൽക്കുന്നത്. കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കാപ്പനെ ചൊല്ലിയുളള അഭിപ്രായ ഭിന്നത മറനീക്കി ഇപ്പോൾ പുറത്തുവന്നത്.
കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കട്ടെയെന്ന് നേരത്തെ തന്നെ മുല്ലപ്പളളി നിലപാട് അറിയിച്ചിരുന്നു. ഈ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെന്നാണ്, തിരഞ്ഞെടുപ്പ് സമിതി യോഗത്തിലുളള ചർച്ച നൽകുന്ന സൂചന. കാപ്പൻ കോൺഗ്രസിൽ ചേർന്നാൽ വർഷങ്ങൾക്ക് ശേഷം പാലായിൽ പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്ന സാഹചര്യം വരുമെന്നാണ് മുല്ലപ്പളളിയുടെ വാദം. ഇന്ന് നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും ഈ നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു പറഞ്ഞു.
ഈ നിലപാടിനെ വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചു. ഇത് കോട്ടയം ജില്ലയിൽ കോൺഗ്രസിന് ഗുണകരമാവും. ഘടകകക്ഷിയായാണ് കാപ്പനും കൂടെയുളളവരും വരുന്നതെങ്കിൽ കൂടുതൽ സീറ്റ് നൽകേണ്ടിവരുമെന്നും ഇത് കോൺഗ്രസിന് ക്ഷീണമാവുമെന്നുമാണ് മുല്ലപ്പളളിയുടെ വാദം. അതേസമയം, കോൺഗ്രസിൽ ചേരുക എന്ന നിർബന്ധത്തിൽ ഉറച്ചു നിൽക്കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ വാദം.
അതേസമയം, എൽഡിഎഫിൽ ഏതു വിധത്തിലും പരമാവധി പിളര്‍പ്പുണ്ടാക്കാനാണ് ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടതെന്നും പരമാവധി ആളുകൾ എൽഡിഎഫ് വിട്ട് കാപ്പനൊപ്പം യുഡിഎഫിലെത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കാപ്പൻ്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കൃത്യമായ ധാരണ ഉരുതിരിഞ്ഞു വരാത്ത സാഹചര്യത്തിൽ ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കൾക്കിടയിലെ ധാരണ.
12 സീറ്റ് വേണമെന്ന പി.ജെ. ജോസഫിൻ്റെ ആവശ്യത്തിന് വഴങ്ങി കൊടുക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കൾ ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാരും പാര്‍ലമെൻ്റ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളുടെ മേൽനോട്ട ചുമതല വഹിക്കണമെന്നും യോഗം തീരുമാനിച്ചു.
അതേസമയം തന്നെ യുഡിഎഫിൽ ഘടകക്ഷിയായി ഉൾപ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തിൽ നിന്നാൽ തനിക്ക് പാലായിൽ ജയിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി.
ഇത്തരത്തിൽ വ്യത്യസ്ഥ നിലപാടിൽ നേതാക്കൾ നിൽക്കുന്നത് വരുന്ന തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. എത്രയും വേഗം തന്നെ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്താൻ യുഡിഎഫിന് കഴിഞ്ഞാൽ മാത്രമേ തെരഞ്ഞെടുപ്പിൽ തീപാറിക്കാൻ കോൺഗ്രസിനു കഴിയൂ.
https://www.facebook.com/Malayalivartha























