കോൺഗ്രസ്സ് സ്ഥാനാർഥിപട്ടിക തയ്യാറാകുന്നു ;എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.ദില്ലി ചര്‍ച്ചയില്‍ 92 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. അന്തിമ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും. 21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. കേരളത്തില്‍ നടന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് പേര്‍ വരെ അടങ്ങുന്ന ചുരുക്കപ്പട്ടികയാണ് ഒരോ മണ്ഡലത്തിലേക്കും തയ്യാറാക്കിയിരിക്കുന്നത്.പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും, യുവാക്കള്‍ക്കും അവസരം നല്‍കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുള്ളതിനാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെയും പ്രതീക്ഷിക്കാം. അറുപത് ശതമാനത്തോളം പുതുമുഖങ്ങളായിരിക്കും മത്സരിക്കാനിറങ്ങുകയെന്ന് നേരത്തെ എച്ച് കെ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.അതെ സമയം യുഡിഎഫിൽ അന്തിമ സീറ്റ് ധാരണയാകും മുമ്പെ ഇടുക്കിയിൽ സജീവമായി ഫ്രാൻസിസ് ജോർജ്. മണ്ഡലത്തിലെ പ്രമുഖരെ കണ്ടു തുടങ്ങി. കോണ്ഗ്രസുമായി മൂവാറ്റുപുഴ അടക്കമുള്ള സീറ്റുകളുടെ വച്ചുമാറ്റം സാധ്യമാകില്ലെന്ന് വ്യക്തമായതു കൊണ്ടു കൂടിയാണ് ഫ്രാൻസിസ് ജോർജ് വീണ്ടും ഇടുക്കിയിൽ സജീവമായതെന്നാണ് സൂചന.കഴിഞ്ഞ തവണ ഇടുക്കിയിൽ തോറ്റ ഫ്രാൻസിസ് ജോർജ് ഇത്തവണ മണ്ഡലം പിടിക്കാൻ ഉറച്ചാണ്.
എൽഡിഎഫിന്റെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിലായിരുന്നു കഴിഞ്ഞ തവണ മത്സരമെങ്കിൽ ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടിയാണിറങ്ങുക. ഫ്രാൻസിസ് ജോർജിനായി കേരള കോൺഗ്രസ് മൂവാറ്റുപുഴ സീറ്റിന് ശ്രമിച്ചിരുന്നു. ഇടുക്കി,ചങ്ങനാശ്ശേരി സീറ്റുകളുമായുള്ള വച്ചുമാറ്റ ചർച്ച പക്ഷെ ഫലവത്തായില്ല. ഇതോടെയാണ് ഫ്രാൻസിസ് ജോർജ് വീണ്ടും ഹൈറേഞ്ചിലേക്ക് കയറുന്നത്.ഇടുക്കിയിൽ നിന്ന് രണ്ട് തവണ ലോക്സഭയിലെത്തിയ ആളാണ് ഫ്രാൻസിസ് ജോർജ്. യുഡിഎഫ് കോട്ടയായ ഇടുക്കി മണ്ഡലത്തിൽ നിന്ന് ഇത്തവണ നിയമസഭയിലുമെത്താമെന്ന് കണക്കുകൂട്ടുന്നു. റോഷി അഗസ്റ്റിനുമായി കഴിഞ്ഞ തവണത്തെ മത്സരത്തിന്റെ തനിയാവർത്തനം കൂടിയാകും ഫ്രാൻസിസ് ജോർജിന് ഇത്തവണത്തേത്.പുതുപ്പളളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽ പങ്കെടുത്ത് കൊണ്ടായിരുന്നു തുടക്കം. പുതുപ്പള്ളിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിയമസഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.പുതുപ്പളളി മണ്ഡലത്തിൽ പന്ത്രണ്ടാം തവണ ജനവിധി തേടുമ്പോൾ മണ്ഡലത്തിൽ വിജയിക്കുന്നതിനോടൊപ്പം സംസ്ഥാനത്ത് യുഡിഎഫിനെ ഭരണത്തിലെത്തിക്കുകയെന്ന വലിയ ദൗത്യവും ഉമ്മൻചാണ്ടിക്ക് മുമ്പിലുണ്ട്. പുതുപ്പള്ളിയിലെ കുടുംബയോഗങ്ങളും തെരഞ്ഞെടുപ്പ് കൺവെൻഷനുമായി മണ്ഡലത്തിൽ സജീവമാവുകയാണ് ഉമ്മൻ ചാണ്ടി.തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പളളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ആറിലും ഭരണത്തിലേറാൻ ആയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതു പക്ഷം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ജോസ് കെ മാണി ഇടത് മുന്നണിയിലേക്കെത്തിയതും പ്രതീക്ഷ നൽകുന്നു. ജെയ്ക് സി തോമസ് തന്നെയാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥി. 1970 മുതൽ തുടർച്ചയായി ഉമ്മൻചാണ്ടി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ 27,092 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജെയ്ക് സി തോമസ് പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha

























