പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം

സൂപ്പര്‍ താരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം. ഒഡീഷയിലെ റായ്ഗഡ ജില്ലയിലുള്ള അശോക് ടാക്കീസിലാണ് സംഭവം. പ്രഭാസിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനിടെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്.
സിനിമയിലെ പ്രഭാസിന്റെ രംഗം വന്നപ്പോള്‍ സ്‌ക്രീനിന് സമീപമിരുന്ന ഒരു കൂട്ടം ആരാധകര്‍ ആഘോഷം തുടങ്ങുകയായിരുന്നു. ഇതിനിടെ ഇവര്‍ പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയും ചെയ്തതോടെയാണ് സ്‌ക്രീനിന് സമീപമുള്ള ഭാഗങ്ങളില്‍ തീ പടര്‍ന്നത്. പെട്ടെന്നുണ്ടായ തീപിടുത്തത്തില്‍ ഹാളിലുണ്ടായിരുന്ന കാണികള്‍ പരിഭ്രാന്തരായി ചിതറിയോടി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തീപിടിത്തം ഉണ്ടായ ഉടന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും കാണികളെ സുരക്ഷിതമായി തിയേറ്ററിനു പുറത്തെത്തിക്കുകയും ചെയ്തു. തിയേറ്ററിന്റെ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
മാരുതി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ദ രാജാ സാബ്' ജനുവരി 9നാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രഭാസിനൊപ്പം മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിധി കുമാര്‍, സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്. അല്‍ഷിമേഴ്‌സ് ബാധിച്ച തന്റെ മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാന്‍ കൊച്ചുമകന്‍ നടത്തുന്ന വൈകാരിക യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറര്‍കോമഡി ജോണറില്‍പ്പെട്ട ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha
























