പ്രഭാതസവാരിക്കിറങ്ങിയവർ വീടിന്റെ മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്; ദുരൂഹതയുണർത്തി പെൺകുട്ടികളുള്ള വീട്ടിന്റെ മുന്നിൽ 'ഷൂ'; ഭയത്തോടെ ഒരു നാട്

ഒരു പ്രദേശത്തെ മുഴുവൻ പെൺകുട്ടികൾ ഉള്ള വീടുകളെയും ഭീതിയിലാഴ്ത്തിയിരിക്കുന്ന സംഭവ വികാസങ്ങളിൽ പകച്ചിരിക്കുകയാണ് ഒരു പ്രദേശം. ഇപ്പോൾ പെൺകുട്ടികളുള്ള വീടുകൾക്കു മുൻപിൽ പകൽ എഴുന്നേറ്റു നോക്കുമ്പോൾ ചെരുപ്പുകൾ കാണുന്നതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
പെൺകുട്ടികൾ ഉള്ള വീടുകളുടെ മുറ്റത്ത് മാത്രമാണ് ഈ ചെരുപ്പുകൾ കണ്ടെത്തിയിരിക്കുന്നത് എന്നതാണ് ഭയപ്പെടുത്തുന്ന സത്യം. ഇതിനു പിന്നിലുള്ള കാരണം എന്താണ് എന്ന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
രാത്രിയിൽ അജ്‍ഞാതർ പുത്തൻ പാദരക്ഷകൾ കൊണ്ടുവന്നു വച്ച സംഭവത്തിൽ ഒരു മാസമായിട്ടും തുമ്പില്ലാതെ പൊലീസ് വലയുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകൾക്കു മുൻപിലാണ് രണ്ടു ദിവസങ്ങളിലായി പുതിയ ചെരുപ്പുകൾ കണ്ടത്.
ഓരോ വീട്ടിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പുതിയ മോഡൽ ചെരുപ്പുകളാണ് കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചില മോഷണസംഘങ്ങൾ വീട് അടയാളപ്പെടുത്തുന്നതിനു സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും അപകടകരമായ ഒന്നും സംഭവത്തിനു പിന്നിലില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ഫെബ്രുവരി 2നു പട്ടരമുക്കിൽ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ചെരുപ്പുകൾ കണ്ടത്. ചിലത് തെരുവുനായ്ക്കൾ കടിച്ചു കീറിയിരുന്നെങ്കിലും മിക്കതിനും കേടുപാടുകളുണ്ടായിരുന്നില്ല. വൈകാതെ കൂടുതൽ വീടുകൾക്കു മുൻപിൽ ചെരുപ്പുകൾ കണ്ടെത്തി.
ആരെങ്കിലും ഉപേക്ഷിച്ചു പോയതാകാമെന്നു കരുതി ആളുകൾ ചെരുപ്പിന്റെ കാര്യം മറന്നു. എന്നാൽ, നാലു ദിവസം കഴിഞ്ഞ് ഉമയനല്ലൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തും ചെരുപ്പുകൾ കണ്ടെത്തിയതോടെ ഭീതി ജനിച്ചു.
ചെരുപ്പുകൾ വലിച്ചെറിയുന്നതിനു പകരം ഓരോ ജോഡി ചെരുപ്പും കൃത്യമായി കൊണ്ടുവന്നുവച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീടുകളിലെ പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകൾ വച്ചിരുന്നതെന്ന് അറിഞ്ഞതോടെ ഭീതി വർദ്ധിക്കുകയും ചെയ്തു.
നാട്ടുകാർ കൊട്ടിയം പൊലീസിനെ വിവരമറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ, മൂന്നാംദിവസം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലംമാറിപ്പോയി. നടപടികൾ നിലച്ചു. കുട്ടികളില്ലാത്തവർ സന്താനസൗഭാഗ്യത്തിനായി ചെയ്ത മന്ത്രവാദമാണെന്നും മാനസിക അസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്നും പലരും പറഞ്ഞുണ്ടാക്കി.
കടകൾ കാലിയാക്കുമ്പോൾ ബാക്കി വന്ന ചെരുപ്പുകൾ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകൾക്കു മുൻപിൽ കൊണ്ടുവന്നു വച്ചതാവാം എന്നായിരുന്നു ആദ്യത്തെ സംശയം. രാത്രി തിരഞ്ഞെടുത്തതും രണ്ടു തവണയായി ചെരുപ്പുകൾ കണ്ടതും ഈ സംശയത്തിന്റെ സാധ്യത ഇല്ലാതാക്കി. പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ യുവാക്കൾ നടത്തിയ അന്വേഷണത്തിൽ അടുത്ത പ്രദേശത്തൊന്നും ചെരുപ്പുകടകൾ പൂട്ടിയിട്ടില്ലെന്നു കണ്ടെത്തി.
വഴിയോരക്കച്ചവടക്കാരുടെ നന്മ നിറഞ്ഞ പ്രവൃത്തിയായിരിക്കാമെന്നതായി അടുത്ത സംശയം. പക്ഷേ, കടകളിൽ മാത്രം ലഭിക്കുന്ന മോഡലുകളായിരുന്നു മിക്കതും. കടയിൽനിന്നു മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാവാമെന്ന സംശയവും അസ്ഥാനത്തായി.
രണ്ടു തവണയായി, ഓരോ വീടിനു മുൻപിലും ഉപേക്ഷിക്കുമ്പോൾ പിടിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ചെരുപ്പിലോ അതിനകത്തോ എന്തെങ്കിലും സന്ദേശങ്ങളോ അസ്വാഭാവികമായ അടയാളങ്ങളോ കണ്ടെത്താനും കഴിഞ്ഞില്ല.
പെൺകുട്ടികൾ ഉള്ള വീടുകൾ തിരഞ്ഞുപിടിച്ചതിനാൽ പ്രദേശവാസികൾ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകൾ കൊണ്ടുവന്നു വച്ചതെന്ന് പൊലീസ് കരുതുന്നു. എന്നാൽ, ഉദ്ദേശ്യമെന്തെന്നും ആരാണു പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിയില്ലെന്ന ആരോപണം ശക്തമാണ്. പുലർച്ചെ 2.30നും 3.30നും ഇടയിലാണ് രണ്ടിടത്തും ചെരുപ്പുകൾ എത്തിയതെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരും കുട്ടികളും തൊടാതെ കിടന്ന ചെരുപ്പുകൾ പലതും തെരുവുനായ്ക്കൾ കടിച്ചും മറ്റും ആദ്യം കണ്ടെത്തിയ സ്ഥലത്തുനിന്നു മാറിയ നിലയിലാണ് ഇപ്പോൾ. ഭീഷണിയോ അപകടകരമായ മറ്റു സൂചനകളോ ലഭിക്കാതെ ഏതു വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്ന് പൊലീസുകാർ ചോദിക്കുന്നു.
ചെരുപ്പ് കൊണ്ടുവന്നിട്ടതിനു ശേഷം രണ്ടു പ്രദേശത്തും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നത് ദുരുദ്ദേശ്യമില്ലെന്നതിന്റെ സൂചനയായാണ് പൊലീസ് കാണുന്നത്. എങ്കിലും സംശയം തീർക്കാൻ അന്വേഷണം വേണമെന്നുതന്നെയാണ് എല്ലാവരും ആവശ്യം ഉയർത്തുന്നത്. വളരെയധികം ഭീതിജനകമായ കാര്യം തന്നെയാണിത്.
https://www.facebook.com/Malayalivartha

























