ഇടുക്കിയില്‍ ഈ മാസം 26ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്; ഹര്‍ത്താൽ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ

ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഈ മാസം 26ന് ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന സര്‍വകക്ഷി യോഗ തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചെന്നും യുഡിഎഫ് ആരോപിക്കുന്നു.
1964 ലെ ഭൂപതിവു ചട്ടപ്രകാരം അനുവദിച്ച പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ജില്ലാ ഘടകം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവില്‍ ഇത്തരം പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ വീടും കൃഷി അനുബന്ധ നിര്‍മ്മാണങ്ങളും മാത്രമേ അനുവദിക്കുയുള്ളു. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പട്ടയം റദ്ദാക്കുന്നതിനു വരെ റവന്യു വകുപ്പിന് അധികാരമുണ്ട്.
1964 ലെ ഭൂപതിവു ചട്ടം അനുസരിച്ചു നല്‍കിയിട്ടുള്ള പട്ടയ ഭൂമിയില്‍ ഏലം ഡ്രയര്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, ടൂറിസം അനുബന്ധ വ്യവസായങ്ങള്‍, ഹോട്ടലുകള്‍, കട മുറികള്‍ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്. ചെറുകിട വ്യവസായങ്ങള്‍ക്കും അനുമതിയില്ല. വാടകയ്ക്കു കൊടുക്കുന്നതിനു വേണ്ടി നിര്‍മ്മിച്ച വീടുകള്‍ വരെ വാണിജ്യാവശ്യങ്ങളില്‍ വരുന്നതിനാല്‍ ഇതും നിയമവിരുദ്ധമാകും.
നിലവില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും നിയമം ബാധകമാണ്. സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനും ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കും നിയമം തടസ്സമാകും.
https://www.facebook.com/Malayalivartha
























