പ്രസംഗ പരിഭാഷയല്ലിത്... വട്ടിയൂര്‍ക്കാവില്‍ കളക്ടര്‍ ബ്രോയെ നേരിടാന്‍ കെട്ടിയിറക്കാനിരുന്നവരെയെല്ലാം രാഹുല്‍ ഗാന്ധി വെട്ടി; ലതിക സുഭാഷ് ഉണ്ടാക്കിയ ഓളത്തില്‍ കോണ്‍ഗ്രസ് നന്നായി തുടങ്ങി; പ്രസംഗം പരിഭാഷ നടത്തിയ ജ്യോതിക്ക് സീറ്റ് നല്‍കിയാല്‍ മറ്റൊരു വിവാദമാകുമെന്ന് ഉറപ്പായതോടെ വീണ എസ് നായര്‍ക്ക് യോഗമായി

ഇനിയും കടലില്‍ ചാടാനും മൊട്ടയടിക്കാനും രഹുലിന് സൗകര്യമില്ല. അതിനാല്‍ തന്നെ പ്രസംഗം പരിഭാഷ നടത്തി കൈയ്യടി നേടിയതിന്റെ പേരില്‍ മാത്രം ജ്യോതി വിജയകുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടന്ന് തീരുമാനമായി. അങ്ങനെ വട്ടിയൂര്‍ക്കാവില്‍ അഡ്വ. വീണ എസ് നായര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി.
മിനിസ്‌ക്രീന്‍ താരം കൂടിയാണ് അഡ്വ.വീണാ എസ് നായര്‍. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മോഡലും അവതാരകയുമായ വീണ എസ് നായര്‍ നേരത്തെ മത്സരിച്ചിരുന്നു. പക്ഷെ ജയിച്ചില്ല.
ഇത്തവണ വട്ടിയൂര്‍ക്കാവ് ഏറെ വിവാദത്തിലായതോടെയാണ് വീണയ്ക്ക് സ്ഥാനാര്‍ത്ഥിയായി നറുക്ക് വീഴുന്നത്. വാര്‍ഡിലെ വോട്ടര്‍മാരെ അടുത്തറിയാവുന്ന ജനകീയയായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. അവതാരകയും അഭിഭാഷകയും ഒക്കെയാണെങ്കിലും കോണ്‍ഗ്രസുമായി വളരെ അടുപ്പമുള്ള കുടുംബാംഗം കൂടിയാണ് വീണ. കോണ്‍ഗ്രസ് നേതാവ് ഉദുമ മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്റെ മരുമകളാണ് ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പല പേരുകള്‍ ഉയര്‍ന്നെങ്കിലും ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അന്തിമനിമിഷത്തില്‍ വീണ എസ്.നായരെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
എല്‍.എല്‍.എം ബിരുദധാരിയായ വീണ എസ് നായര്‍ ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍ ടിവി, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളിലെ അവതാരകയാണ്. കൂടാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വീണ അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ്. കെ.പി. കുഞ്ഞിക്കണ്ണന്റെ മകനും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ കെ.പി.കെ തിലകനാണ് വീണയുടെ ഭര്‍ത്താവ്. ശാസ്തമംഗലം കുന്നില്‍ കുടുംബാംഗമായ സോമശേഖരന്‍ നായരുടേയും ലീനയുടേയും മകളാണ് ഈ യുവസ്ഥാനാര്‍ത്ഥി.
അപ്രതീക്ഷിതമായാണ് വീണയ്ക്ക് നറുക്ക് വീണത്. പട്ടാമ്പിയില്‍ കെ എസ് ബി എ തങ്ങളും നിലമ്പൂരില്‍ വി വി പ്രകാശുമാണ് സ്ഥാനാര്‍ത്ഥിയാകുന്നത്.
പല മണ്ഡലങ്ങളിലും ഒറ്റ പേരിലേയ്ക്ക് എത്താന്‍ നേതൃത്വത്തിന് കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു വട്ടിയൂര്‍ക്കാവ്. ജ്യോതി വിജയകുമാറും പി സി വിഷ്ണുനാഥും അടക്കം പല പേരുകളും ഇവിടെ ഉയര്‍ന്നെങ്കിലും ഒടുവില്‍ വീണയുടെ പേരിലേക്ക് നേതൃത്വം എത്തിച്ചേരുകയായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിത പ്രാതിനിധ്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രധാന മണ്ഡലങ്ങളില്‍ ഒന്നില്‍ വീണയെ പരിഗണിച്ചതെന്നാണ് സൂചന.
മണ്ഡലത്തിന് പുറത്തു നിന്നൊരാള്‍ വരുന്നതിനെതിരെ പ്രദേശിക നേതൃത്വം ശക്തമായി നിലകൊണ്ടതും വീണയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ശാസ്തമംഗലം വാര്‍ഡില്‍ മത്സരിച്ച വീണ അന്ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ വീണയ്ക്ക് ജയിച്ച് കയറാന്‍ പറ്റുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.
വികെ പ്രശാന്തും, വിവി രാജോഷും പിന്നാലെ കോണ്‍ഗ്രസ് കൂടി ശക്തയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ വട്ടിയൂര്‍ക്കാവില്‍ തീ പാറും.
"
https://www.facebook.com/Malayalivartha



























