കരഞ്ഞ് തളര്‍ന്ന് ജോസഫ്... മാണി സാറിന്റെ ഓര്‍മ്മയിലുള്ള ഉപ തെരഞ്ഞെടുപ്പില്‍ രണ്ടില നല്‍കാതെ തോല്‍പ്പിച്ച പിജെ ജോസഫിന്റെ പാര്‍ട്ടിയേ ഇല്ലാതാകുന്നു; വളരെ കരുത്തനായി ജോസ് കെ മാണിക്ക് ഇടതുമുന്നണി വലിയ പരിഗണന നല്‍കി; ചിഹ്നം ഇല്ലാതെ ചിതറിയ ജോസഫ് ചിഹ്നത്തിനായി പിസി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കുന്നു

ഇതാണ് ദൈവത്തിന്റെ രണ്ടില എന്ന് പറയുന്നത്. മാണി സാറിന്റെ വിയോഗത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ ജയിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ പിജെ ജോസഫാണ്.
ജോസഫ് നടത്തിയ കലാപവും രണ്ടില വിട്ടു നല്‍കാത്തതും ഏറെ ദോഷം ചെയ്തു. അതോടെ ജോസ് കെ മാണിക്ക് നല്ലകാലമായി. എല്‍ഡിഎഫില്‍ വലിയ സ്വീകാര്യതയാണ് ജോസിന് കിട്ടിയത്. ചോദിച്ച സീറ്റത്രയും കിട്ടി.
അതേസമയം രണ്ടിലയ്ക്കായി സുപ്രീം കോടതിവരെ പോയിട്ടും ജോസഫിന് രക്ഷ കിട്ടിയില്ല. ചിഹ്നമില്ലാതെ മത്സരിക്കേണ്ട ഗതികേടായി. അങ്ങനെയാണ് ചെറുപാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനമായത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പി.സി. തോമസിനൊപ്പമുള്ള കേരള കോണ്‍ഗ്രസും ലയനത്തിലേക്ക് പോകുകയാണ്. കടുത്തുരുത്തിയില്‍ ഇന്ന് നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഇന്ന് പി.സി. തോമസ് പങ്കെടുക്കും. ലയനപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്‌ക്കെത്തുക എന്നാണ് അറിയുന്നത്.
ലയനം നടക്കുകയാണെങ്കില്‍ പി.ജെ.ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. മറ്റു പദവികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്. നിലവില്‍ കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം സൈക്കിളിലേക്കു മാറാനും ശ്രമം നടക്കുന്നുണ്ട്.
വര്‍ഷങ്ങളായി എന്‍ഡിഎയില്‍ പി.സി.തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്. സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാല്‍ അവഗണന നേരിട്ടു മുന്നണിയില്‍ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.സി.തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ തന്റെ പാര്‍ട്ടിയാണെന്ന വാദവും തോമസ് ഉയര്‍ത്തുന്നു.
ഇക്കുറി ഇടതുപക്ഷത്തിനൊപ്പം സഹകരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു. ഇതിന് മുന്നോടിയായി ഫേസ്ബുക്ക് പേജിലൂടെ ജനപിന്തുണ തേടുകയാണ് ജോസ് കെ മാണി. മാണിയില്ലാതെ ആദ്യമായാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നതെന്ന ദുഖവും പാലായില്‍ തനിക്കുള്ള പ്രതീക്ഷയുമെല്ലാം ഫേസ്ബുക്ക് കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് അദ്ദേഹം.
കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ ഇടത് സര്‍ക്കാര്‍ ജനത്തിന് താങ്ങായി നിന്നു എന്ന തരത്തില്‍ പ്രത്യക്ഷമായിത്തന്നെ പിണറായി സര്‍ക്കാരിനെ വാഴ്ത്തിക്കൊണ്ടാണ് കുറിപ്പ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ജനശ്രദ്ധ നേടുന്ന സ്ഥാനാര്‍ത്ഥിത്വങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ജോസ് കെ മാണിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കും വലിയ പ്രതികരണമാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലഭിക്കുന്നത്. ഇത് വോട്ടായി പ്രതിഫലിക്കുമോ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.
12 സീറ്റിലാണ് കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന് മത്സരിക്കുന്നത്. കുറ്റിയാടിയില്‍ കിട്ടിയ സീറ്റ് തിരികെ നല്‍കി മാതൃക കാട്ടിയതോടെ സഖാക്കളുടേയും കണ്ണിലുണ്ണിയായി ജോസ് കെ മാണി മാറി. അപ്പോഴാണ് ജോസഫ് ചെറുപാര്‍ട്ടിയില്‍ ലയിക്കുന്നത്.
https://www.facebook.com/Malayalivartha



























