കേരളത്തിൽ വീണ്ടും ഷിഗല്ല രോഗ ഭീതി പടരുന്നു... വൈറസ് ബാധിച്ച് വയനാട്ടിൽ ആറു വയസുകാരി മരണപ്പെട്ടു...

സംസ്ഥാനത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മറ്റൊരു വില്ലൻ രോഗം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വീണ്ടും ഷിഗല്ല രോഗ ഭീതിയാണ് ഇപ്പോൾ കേൾക്കുന്ന പുതിയ വാർത്ത. വയനാട്ടിലാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വയനാട് നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണ കാരണം ഷിഗല്ല വൈറസ് ബാധയാണെന്നാണ് തിരിച്ചറിഞ്ഞത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണ കാരണമെന്ന് കണ്ടെത്തിയത്. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസി പെണ്‍കുട്ടിയാണ് ഷിഗല്ല പിടിപെട്ട് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തത്. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റു മോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചത്.
വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച മരിച്ച കുട്ടി താമസിച്ചിരുന്ന പ്രദേശം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. കൂടുതൽ പേരിലേക്കു രോഗം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഷിഗല്ല രോഗബാധിതയായെങ്കിലും കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നു ആരോപണം ഉയരുന്നുണ്ട്. തുടക്കത്തിലേ രോഗം കൃത്യമായി കണ്ടെത്താനായില്ലെന്നും പറയപ്പെടുന്നു. ഷിഗല്ല ആയിരിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇക്കഴിഞ്ഞ ഡിസംബറിൽ കോഴിക്കോടിനു സമീപത്തെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗം നേരത്തെ സ്ഥിരീകരിച്ചത്. ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടതോടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗെല്ല സോണിയെ എന്ന ബാക്ടീരിയയെ കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
ഷിഗല്ല വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ലാ രോഗാണു ബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലയുടെ രോഗ ലക്ഷണങ്ങള്‍.
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നു എന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പോകാനിടയുണ്ട്. പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിൽ എത്തിയാല്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗ ലക്ഷണങ്ങള്‍ കാണപ്പെടാൻ സാധ്യതയുണ്ട്. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
അതേസമയം, കേരളത്തിൽ കൊവിഡ് നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യമാണ് ഉള്ളത്. ഇന്ന് ആറായിരം കടന്നാണ് പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ചളം ജില്ലകളിൽ അഞ്ഞൂറിന് മുകളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 6194 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530 എന്നിവയാണ് ഉയർന്ന രോഗബാധ സ്ഥിരീകരിച്ച ജില്ലകൾ. കഴിഞ്ഞ ദിവസങ്ങളിൽ 17 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി ഉയർന്നു.
https://www.facebook.com/Malayalivartha