തൃശൂർ പൂരം നടത്തിപ്പിൽ വീണ്ടും പ്രതിസന്ധി; ചീഫ് സെക്രട്ടറി ഇന്ന് രാവിലെ വിളിച്ച യോഗം വൈകിട്ടത്തേക്ക് മാറ്റി, യോഗം നടക്കുക ഓൺലൈൻ വഴി

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തരയ്‌ക്ക് ചേരാനിരുന്ന യോഗം മാറ്റി. വൈകിട്ട് നാല് മണിയിലേക്കാണ് യോഗം മാറ്റി വച്ചത്. ഓൺലൈൻ വഴിയാണ് യോഗം നടക്കുക.
അതേസമയം, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങൾ യോഗത്തെ അറിയിക്കും. ആന പാപ്പാന്മാരെ ആർ ടി പി സി ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം,
രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ദേവസ്വങ്ങൾ അവതരിപ്പിക്കും.
എന്നാൽ തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ്
സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു.
ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകൾ കൊണ്ടു വരരുത്.
ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഈ ആവശ്യം അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധി പ്രതികരിക്കുകയുണ്ടായി.
ഇന്ന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തൃശൂർ ജില്ലാ കളക്‌ടറും കമ്മിഷണറും ഡി എം ഒയും പങ്കെടുക്കും. അതേസമയം, തൃശൂർ പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് വാഗ്ദ്ധാനം നൽകി ദേവസ്വങ്ങളെ സർക്കാർ കബളിപ്പിച്ചെന്ന് മുൻ എം എൽ എ തേറമ്പിൽ രാമകൃഷ്‌ണൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha