ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കി എറണാകുളം റെയിവേ പൊലീസ്; കേസില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍, അന്വേഷണ ചുമതലയുള്ള റെയില്‍വേ പൊലീസിനോട് റിപ്പോര്‍ട്ട് തേടി, പ്രതി കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്തിരിക്കാന്‍ സാധ്യതയില്ലെന്ന് നിഗമനം, യുവതി അപകട നില തരണം ചെയ്തു

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കി എറണാകുളം റെയിവേ പൊലീസ്. മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്ന സാഹചര്യത്തില്‍ പ്രതി കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്തിരിക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതി എത്താന്‍ സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ അന്വേഷണ ചുമതലയുള്ള റെയില്‍വേ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം അക്രമത്തില്‍ പരുക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതി അപകട നില തരണം ചെയ്തു.
പുനലൂർ പാസഞ്ചറിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതിയ്ക്ക് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. സ്ത്രീകളുടെ കമ്പാർട്മെന്‍റിൽ യാത്ര ചെയ്തിരുന്ന യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം പ്രതി ആക്രമിച്ചത്. ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു.
യുവതി മാത്രമാണ് സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതിന് പിന്നാലെ കമ്പാർട്ട്മെന്റിലേക്ക് കയറിയ അജ്ഞാതന്‍ രണ്ട് ഡോറുകളും അടച്ചതിന് ശേഷമായിരുന്നു യുവതിയുടെ അടുത്തെത്തിയത്.
വളയും മാലയും ഊരി നൽകാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സ്ക്രൂ ഡ്രൈവര്‍ ചൂണ്ടിയായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിത്. മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെ യുവതി ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയും തലക്ക് പരുക്കേൽക്കുകയും ചെയ്തു.
ട്രെയിൻ കാഞ്ഞിരമറ്റം സ്റ്റേഷനിലെത്തിയപ്പോഴാണ് യുവതി ചാടിയത്. കൊവിഡ് സാഹചര്യത്തിൽ ട്രെയിനിലുൾപ്പെടെ കർശന പരിശോധന നടക്കവെയാണ് യുവതി ആക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്ത് വരുന്നത്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ പുനലൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്.
https://www.facebook.com/Malayalivartha






















