കോവിഡ് കൂടിവരികയല്ലേ, ഇരിക്കട്ടേ ഒരു ശ്മശാനം.... ബാലസംഘമല്ല കോര്‍പ്പറേഷന്‍ ഭരണമെന്ന് ആഞ്ഞടിച്ച് യുവമോർച്ച...

മേയർ ആര്യ രാജേന്ദ്രൻ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഇപ്പോൾ കാട്ടുതീ പോലെ ആളികത്തുകയാണ്. ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രോൾ പേജുകളിലും ഇത് നിറയുകയാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രങ്ങളുമാണു മേയർ പങ്കിട്ടത്. കോവിഡുമായി ചേർത്തുവച്ച് പോസ്റ്റിട്ടതോടെയാണു ഇത് വിവാദമായത്.
‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.
നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്കാരത്തിനായി ഉള്ളത്’– ഇതായിരുന്നു മേയർ പങ്കുവച്ച പോസ്റ്റ്. ഇത്തരം കാര്യങ്ങൾ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടിയാണു വിമർശിക്കപ്പെട്ടത്.
അതോടൊപ്പം എസ് എ ടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് പൂട്ടിച്ച നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച രംഗത്തെത്തി. തലസ്ഥാന കോര്‍പ്പറേഷന്‍ ഭരണം ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ലെന്ന് മേയര്‍ തിരിച്ചറിയണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു.
എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടാന്‍ മേയര്‍ കാട്ടിയ വ്യഗ്രതയും കൊവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതുമെല്ലാം മേയറുടെ കഴിവുകേടാണ് തുറന്നു കാണിക്കുന്നത്.
എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടാന്‍ മേയര്‍ കാട്ടിയ വ്യഗ്രത എന്തിന്റെ പേരിലാണന്ന് വ്യക്തമാക്കാന്‍ തയ്യാറാവണം. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ഡ്രഗ് ഹൗസ് അടച്ചുപൂട്ടിയതുവഴി നിര്‍ധനരായ നിരവധി രോഗികളുടെ ആശ്രയമാണ് മേയര്‍ ചവിട്ടെമെതിച്ചിരിക്കുന്നത്.
ഡ്രഗ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തുന്ന സാധാരണക്കാര്‍ വളരെ ബുദ്ധിമുട്ടുകയാണ്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സഹായിക്കാന്‍ വേണ്ടിയാണ് മേയര്‍ ഈ നിലപാട് സ്വീകരിച്ചത്.
നിയമലംഘനം ചൂണ്ടിക്കാട്ടി ഡ്രഗ്ഹൗസ് പൂട്ടിക്കാന്‍ കാണിച്ച ആവേശത്തിന്റെ പകുതി മതിയായിരുന്നു മേയറുടെ മൂക്കിനു താഴെ നടക്കുന്ന വമ്പന്മാരുടെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുക്കാന്‍. ചില നേതാക്കന്മാരുടെ കൈയിലെ കളിപ്പാട്ടം മാത്രമായി മേയര്‍ അധ:പതിച്ചതാണ് തന്റെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മേയറെ പ്രേരിപ്പിക്കുന്നത്.
ഡ്രഗ് ഹൗസ് കേന്ദ്രം അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കും. കൊവിഡ് വ്യാപനത്താല്‍ ദിവസം നിരവധിപേര്‍ മരിക്കുന്ന സാഹചര്യത്തില്‍ ശ്മശാനത്തിന്റെ നവീകരണവും തന്റെ വികസന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും പാപ്പനംകോട് നന്ദു പരാമർശിച്ചു
അതേസമയം, ഫേസ്ബുക്ക് പേസ്റ്റ് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പിന്തുണയുമായി നടൻ ഹരീഷ് പേരടിയും ഇപ്പോൾ സജീവമാണ്. നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി, നല്ല ആശുപത്രിയുണ്ടാക്കി, റേഷൻ ഷോപ്പിൽ നല്ല ഭക്ഷ്യ പദാർത്ഥങ്ങളുണ്ട്, കുടംബശ്രി ഹോട്ടലുകളിൽ നല്ല ഭക്ഷണമുണ്ട്.. എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ അപ്പുറമാണ്. മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതെന്നാണ് ഹരീഷ് പേരടി വാദിക്കുന്നത്.
https://www.facebook.com/Malayalivartha






















