തിരുവനന്തപുരത്ത് വാക്സിൻ വിതരണം നിർത്തിവെച്ചു; മിനി ലോക്ക്ഡൗണും വോട്ടെണ്ണലും കണക്കിലെടുത്ത് ജില്ലാ ആരോഗ്യവകുപ്പിന്റെ അറിയിപ്പ്

തിരുവനന്തപുരം ജില്ലയിൽ വാക്സിൻ വിതരണം നിർത്തിവെച്ചു. ഇന്നും നാളെയും ജില്ലയില്‍ വാക്സിന്‍ വിതരണം ഉണ്ടാകില്ല. മിനി ലോക്ക് ഡൗണും വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും കണക്കിലെടുത്താണ് വാക്‌സിന്‍ വിതരണം രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്.
ജില്ലാ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ ജില്ലയിലെ 12 പഞ്ചായത്തുകളിൽ കൂടി കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ.അഴൂര്‍, പഴയകുന്നുമ്മേല്‍, കടയ്ക്കാവൂര്‍, കള്ളിക്കാട്, വിളപ്പില്‍, ഒറ്റശേഖരമംഗലം, ആര്യനാട്, വെങ്ങാനൂര്‍, പൂവാര്‍, കുന്നത്തുകാല്‍, ഒറ്റൂര്‍, ഇടവ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.
https://www.facebook.com/Malayalivartha
























