ഭാരതീപുരം കൊലക്കേസ്; സഹോദരഭാര്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു, സംഭവത്തിലെ ഏക ദൃക്സാക്ഷി, തെളിവ് നശിപ്പിക്കലിന് ഒത്താശ ചെയ്തു, വിവരം രഹസ്യമാക്കി വെച്ചെന്നുമുള്ള കുറ്റങ്ങൾ ആര്യയെ മൂന്നാം പ്രതിയാക്കി: കാത്തിരുന്ന് കാണാം ഇനിയുള്ള ജീവിതം എവിടെയാണെന്ന്

ദൃശ്യം മോഡൽ കൊലപാതകത്തിലെ മൂന്നാം പ്രതി മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ഏരൂർ ഭാരതീപുരത്ത് മാതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയ ഷാജി പീറ്ററുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സജിന്‍ പീറ്ററുടെ ഭാര്യ ആര്യയാണ് മൂന്നാം പ്രതി.
സംഭവം നടക്കുമ്പോൾ ഏക ദൃക്സാക്ഷിയാണെന്നും തെളിവ് നശിപ്പിക്കലിന് ഒത്താശ ചെയ്തെന്നും വിവരം രഹസ്യമാക്കിവെച്ചെന്നുമുള്ള കുറ്റങ്ങളാണ് ആര്യക്കുമേല് ആരോപിക്കപ്പെടുന്നത്.
ആര്യയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സജിന്‍ പീറ്ററുമായുള്ള സംഘട്ടനത്തിലാണ് ഷാജി പീറ്റര്‍ കൊല്ലപ്പെടുന്നത്. കമ്പി വടി കൊണ്ടുള്ള തലക്കേറ്റ രണ്ട് ക്ഷതങ്ങളാണ് മരണത്തിന് കാരണമായത്. റിമാന്ഡില്നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ അടിക്കാനുപയോഗിച്ച കമ്പിവടി വീട്ടുവരാന്തയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
രണ്ടാം പ്രതിയായ മാതാവ് പൊന്നമ്മക്ക് കോവിഡ് പോസിറ്റിവായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങിയില്ല. ആര്യയോട് ഷാജി പീറ്റര്‍ അപമര്യാദയായി പെരുമാറിയെന്നതിനെച്ചൊല്ലിയായിരുന്നു സംഘട്ടനമുണ്ടായത്.
കൊലപാതകം നടന്ന ദിവസം ഷാജി പീറ്ററുടെ വീട്ടില്‍ സുഹൃത്തുക്കളായ ഏതാനും പേര്‍കൂടി ഉണ്ടായിരുന്നതായും ബഹളത്തിനിടെ ഇവര്‍ ഓടിപ്പോയെന്നും ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ കേസിലെ മൂന്നാം പ്രതിയായി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
കൊട്ടാരക്കരയില്‍ താമസക്കാരനായ ഇളയ സഹോദരന്‍ സജിനും ഭാര്യ ആര്യയും 2018 ല്‍ ഭാരതീപുരത്തെ കുടുംബ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയത്. അനേകം മോഷണക്കേസുകളിലും മറ്റും പ്രതിയായ ഷാജി മദ്യലഹരിയില്‍ മോശമായി പെരുമാറിയപ്പോള്‍ സജിനും ആര്യയും പൊന്നമ്മയും ചേര്‍ന്ന് ചെറുക്കുകയും അടിച്ചു വീഴ്ത്തുന്നതിനിടയില്‍ മാരമായി മര്‍ദ്ദനമേറ്റായിരുന്നു ഷാജി മരിച്ചത്.
ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിയുകയായിരുന്നു. ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂർത്തീകരിക്കുകയായിരുന്നു.
മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവ് സ്ഥിരമായിരുന്നു. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി നൽകിയിരുന്നില്ല.
മിക്കവാറും വീട്ടില്‍ കാണാത്തയാള്‍ ആയതിനാല്‍ പോലീസ് സംശയിച്ചുമില്ല. വീട്ടുകാര്‍ പരാതി നല്‍കാതിരുന്നത് അന്വേഷിച്ചുമില്ല. വടക്കന്‍ കേരളത്തില്‍ എവിടേയ്‌ക്കോ ഷാജി മുങ്ങിയിരിക്കുകയാണെന്ന പൊന്നമ്മയുടേയും സജിന്റെയും വാക്കുകളില്‍ പോലീസ് സംശയിച്ചുമില്ല.
https://www.facebook.com/Malayalivartha
























