മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി; നടപടി സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന്

ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രിയോടെ മഥുര ജില്ലാ ജയിലില്‍നിന്ന് കാപ്പനെ ഡല്‍ഹിയിലെത്തിച്ചത്. ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര മൈത്രെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടായാല്‍ സഹായത്തിനായി ഡപ്യൂട്ടി ജയിലറെയും മെഡിക്കല്‍ ഓഫിസറെയും കാപ്പനൊപ്പം അയച്ചതായും ഷൈലേന്ദ്ര പറഞ്ഞു. മഥുര ജയിലില്‍ കഴിയവെ കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കാപ്പനെ നഗരത്തിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
അവിടെവച്ച് വഴുതിവീണ കാപ്പനെ പിന്നീട് കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് ഭാര്യ റൈഹനത്തിന്റെ കത്ത് പരിഗണിച്ച് വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടത്. ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പന്റെ ജാമ്യാപേക്ഷയ്ക്കായി ഭാര്യയും കേരള പത്രപ്രവര്‍ത്തക യൂനിയനും മഥുര കോടതിയെ സമീപിക്കും. കാപ്പന്റെ ഭാര്യയും മകനും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























