രക്തസാക്ഷിയാകുന്നതാര്? ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, രാജഗോപാല്‍...? അരുവിക്കരയുടെ പരാജയം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കും

അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും. പ്രധാനമായും ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, ഒ. രാജഗോപാല്‍ തുടങ്ങിയ 3 നേതാക്കളുടെ ഉയര്‍ച്ച താഴ്ചകള്‍ കാണാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഇത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ വിജയമാകും. അങ്ങനെ വന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു നേരത്തെയാകാന്‍ സാധ്യതയുള്ളതായി യു.ഡി.എഫ്. നേതൃത്വം സൂചന നല്‍കുന്നു.
ഇടതുമുന്നണിയില്‍പിണറായി വിജയനായിരുന്നു ചുക്കാന്‍ പിടിച്ചതെങ്കിലും മുന്നില്‍ നിന്ന് നയിച്ചത് പ്രതിപക്ഷ നേതാവ് കൂടിയായ വിഎസ് അച്യുതാനന്ദനായിരുന്നു. മറ്റ് ഉപ തെരഞ്ഞെടുപ്പുകളില്‍ വിഎസിന്റെ എതിര്‍പ്പു കാരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തോറ്റത്. ആ നിലയ്ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണത്തോടെയാണ് വിഎസ് പ്രചാരണങ്ങള്‍ക്കെത്തിയത്. ആ നിലയ്ക്ക് വിജയകുമാര്‍ തോറ്റാല്‍ അത് വിഎസിന്റെ പരാജയമായിരിക്കും. ഒരു പക്ഷെ പ്രതിപക്ഷ സ്ഥാനം പോലും തുലാസിലാകും.
യു.ഡി.എഫ്. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തിയാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയമാണു ഫലമെങ്കില്‍ അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടിയുള്ള മുറവിളിയായിരിക്കും ആരംഭിക്കുക. അതേസമയം യു.ഡി.എഫ്. വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വം തുടരും. വിജയമായാലും പരാജയമായാലും നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സൂചനയുണ്ട്.
പുറത്തുകാണുന്നതുപോലെ സുദൃഢമല്ല മുന്നണികള്‍. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പുതന്നെ മുന്നണി മാറ്റത്തിനു പലരും ഒരുങ്ങുകയാണ്. യു.ഡി.എഫില്‍ ജെ.ഡി.യു.ഒട്ടും തൃപ്തരല്ല. ദേശീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണി മാറ്റം എന്ന തന്ത്രമാണ് അവര്‍ തീരുമാനിച്ചിരുന്നത്. ജനതാപരിവാറുകളുടെ ലയനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ എം.പി. വീരേന്ദ്രകുമാറിനും മറ്റും ഈ തെരഞ്ഞെടുപ്പോടെ ശക്തമായ തീരുമാനം എടുക്കേണ്ടിവരും.
മുന്നണി മാറിയതില്‍ ശക്തമായ പ്രതിഷേധമുള്ള ഒരു വിഭാഗം ആര്‍.എസ്.പിയിലുമുണ്ട്. നിലവില്‍ ആര്‍.എസ്.പി. മത്സരിച്ചിരുന്ന സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതിലും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ട്. ഈ സീറ്റില്‍ യു.ഡി.എഫ്. വിജയിച്ചാല്‍ പിന്നെ യു.ഡി.എഫിലുള്ളിടത്തോളം കാലം അവര്‍ക്ക് സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. അപ്പോള്‍ തലസ്ഥാനത്ത് ആര്‍.എസ്.പിക്കു സീറ്റില്ലാതാകും. സര്‍ക്കാരിന്റെ ഇപ്പോഴുള്ള പോക്കില്‍ ലീഗിനും അത്ര തൃപ്തിയില്ല.
ഫലം വിപരീതമായാല്‍ ഇടതുമുന്നണിയിലും പൊട്ടിത്തെറിയുണ്ടാകാം. ഇപ്പോള്‍ തന്നെ സി.പി.ഐയും സി.പി.എമ്മും അകലത്തിലാണ്. ബി.ജെ.പിയിലും ഈ തെരഞ്ഞെടുപ്പ് ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. ഒ. രാജഗോപാല്‍ സ്ഥിരം സ്ഥാനാര്‍ഥിയാകുന്നതില്‍ എതിര്‍പ്പുള്ളവരുണ്ട്. കഴിഞ്ഞ തവണത്തേതില്‍ നിന്നും രാജഗോപാല്‍ നിലമെച്ചപ്പെടുത്തിയാല്‍ അത് സംസ്ഥാന നേതൃത്വത്തിനും രാജഗോപാലിനും ഗുണകരമാകും. അല്ലെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പിന് രാജഗോപാലിന് സ്ഥാനമുണ്ടായിരിക്കില്ല.
പി.സി. ജോര്‍ജിന്റെ പ്രസക്തിയും തീരുമാനിക്കുക ഈ തെരഞ്ഞെടുപ്പായിരിക്കും. യു.ഡി.എഫിന്റെ പരാജയം ഉറപ്പാക്കാന്‍ ജോര്‍ജ് മണ്ഡലത്തില്‍ സജീവമാണ്. ജോര്‍ജിന്റെ സ്ഥാനാര്‍ഥി പിടിച്ചെടുക്കുന്ന വോട്ടുകള്‍ ഇക്കുറി നിര്‍ണായകമാകുമെന്നാണു നിരീക്ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























