പെരുമഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ദുരന്തം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി: കുരുന്നുകള്‍ക്കു ഇന്ന് യാത്രാമൊഴി

അഞ്ചു കുരുന്നുകളുടെ വേര്‍പാടിന്റെ നൊമ്പരമകലാതെ കോതമംഗലം. പെരുമഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ദുരന്തം നാടിന്റെ മുഴുവന്‍ ദുഃഖമാവുകയാണ്. കോതമംഗലം-അടിമാലി ദേശീയപാതയില്‍ നെല്ലിമറ്റം കോളനിപ്പടിക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ റോഡരികില്‍നിന്ന കൂറ്റന്‍മരം കടപുഴകി വീണു മരിച്ച അഞ്ചു സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നാലു പേരുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനസാഗരം കുരുന്നുകള്‍ക്കു യാത്രമൊഴി പറയാനെത്തി.
കുറുകടം വിദ്യാവികാസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പിടവൂര്‍ കാരോത്തുകുഴി അമിന്‍ ജാബിര്‍ (എട്ട്), ആറാം ക്ലാസ് വിദ്യാര്‍ഥിനി നെല്ലിമറ്റം ചിറ്റായത്ത് ഈസ സാറ എല്‍ദോസ് (11), എട്ടാം ക്ലാസ് വിദ്യാര്‍ഥി കുത്തുകുഴി മാത്തന്‍മോളേല്‍ ജോഹന്‍ ജഗി (13), യുകെജി വിദ്യാര്‍ഥിനി കോഴിപ്പിള്ളി ഇഞ്ചൂര്‍ ആലിങ്കമോളത്ത് എ. കൃഷ്‌ണേന്ദു (അഞ്ച്), അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍പടി പുന്നയ്ക്കല്‍ ഗൗരി (10) എന്നിവരാണു മരിച്ചത്.
മരിച്ച അമിന്‍ ജാബിറിന്റെ കബറടക്കം ഇന്നു രാവിലെ 10.30ന് പിടവൂര്‍ ജുമാ മസ്ജിദിലാണു നടന്നത്. ഈസ സാറ എല്‍ദോയുടെ സംസ്‌കാരം രാവിലെ 12ന് നെല്ലിമറ്റം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. എ. കൃഷ്‌ണേന്ദുവിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിലും നടക്കും. ജോഹന്‍ ജഗിയുടെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. കുത്തുകുഴി മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളിയിലാണു സംസ്‌കാരം. വിദേശത്തു നിന്നു ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ മരിച്ച ഗൗരിയുടെ സംസ്‌കാരം നാളെയാകും നടക്കുക. ഗൗരിയുടെ മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു. കുത്തുകുഴി മാത്തന്‍മോളയില്‍ ജൂവല്‍, വാരപ്പെട്ടി പുത്തന്‍പുരയില്‍ ദിവാനിയ, ഇഞ്ചൂര്‍ ആലങ്കമോളേലില്‍ എ. അനഘ, ഊന്നുകല്‍ പുന്നയ്ക്കല്‍ ദേവസാരംഗ്, കോഴിപ്പിള്ളി കുന്നപ്പിള്ളി ഹൃദ്യ എല്‍ദോസ്, കോഴിപ്പിള്ളി തുന്നപ്പംമോളേല്‍ മനു എല്‍ദോ, കുത്തുകുഴി മാത്തന്‍കുഴി ജൂവല്‍ ജിജി എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇതില്‍ ജ്യൂവലിനു മാത്രമാണ് ഗുരുതര പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ജ്യൂവല്‍ ചികിത്സയിലുള്ളത്. നെല്ലിമറ്റം ചിറ്റായത്ത് വീട്ടില്‍ എല്‍ദോസിന്റെയും ജ്യോതിസിന്റെയും ഏകമകളാണു മരിച്ച ഈസ സാറ. എല്‍ദോസ് കൃഷിക്കാരനാണ്. ജ്യോതിസ് ബസേലിയോസ് ആശുപത്രിയില്‍ നഴ്‌സാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























