നക്സലൈറ്റ് നേതാവ് എ വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ദൃക്സാക്ഷിയായ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ അന്തരിച്ചു
നക്സലൈറ്റ് നേതാവ് എ വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ദൃക്സാക്ഷിയായ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ തൊളിക്കോട് പതിനെട്ടാംകല്ല് എഎംഎച്ച് മന്‍സിലില്‍ എ. മുഹമ്മദ് ഹനീഫ (83)അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വര്‍ഗീസിനെ ഡിവൈഎസ്പി കെ ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം വെടിവെച്ചു കൊന്നതിന് ദൃക്സാക്ഷിയാണെന്ന നിര്‍ണായക മൊഴി നല്‍കിയത് മുഹമ്മദ് ഹനീഫയായിരുന്നു.
വയനാട് തിരുനെല്ലി കാട്ടില്‍ നക്സലൈറ്റുകളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് ദൗത്യ സംഘത്തിലെ അംഗമായിരുന്നു ഹനീഫ.
1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ പിടികൂടിയത്. വര്‍ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ ഔദ്യോഗിക വിശദീകരണം.
എന്നാല്‍ 29 വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ല്‍ രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തലിലൂടെയാണ് വ്യാജ ഏറ്റുമുട്ടല്‍ ലോകം അറിയുന്നത്.പിടികൂടിയ വര്‍ഗീസിനെ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ തിരുനെല്ലിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഡിഐജി വിജയനും ഡിവൈഎസ്പി ലക്ഷ്മണയും നിര്‍ദേശിച്ചു.
തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോകാന്‍ നാല് കോണ്സ്റ്റബിള്മാരോട് പറഞ്ഞു. ഇതില്‍ ഒരാളായിരുന്നു ഹനീഫ.ഉള്‍കാട്ടില്‍ വെച്ച് വര്‍ഗീസിനെ വെടിവെച്ചു കൊല്ലാന്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായരോട് ആവശ്യപ്പെട്ടു. ഡിഐജി വിജയന്റേയും ഡിവൈഎസ്പി ലക്ഷ്മണയുടേയും നിര്‍ദേശപ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താന്‍ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്നായിരുന്നു രാമചന്ദ്രന് നായര്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha