ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധ്യാപിക മരിച്ചു

ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധ്യാപിക മരണപെട്ടു. കോവിഡിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക ആയിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്.
മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അക്കൗണ്ടന്‍റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി.
ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. മെയ് 12ന് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് വരുന്നതുവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി.
ഇതേ തുടര്‍ന്ന് വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയരുകയും ഇരു വൃക്കകളിലും സോഡിയം അടിയുകയും ചെയ്തതായി കണ്ടെത്തിയെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന് തിരിച്ചറിയാന്‍ നാഗര്‍കോവില്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ആദ്യം സാധിച്ചില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിച്ചത്.
ഇതോടെ അനീഷയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. 18ന് വൈകീട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറിനാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വ്യാഴാഴ്ച കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തും.
അതേസമയം, സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ രോഗബാധിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ ബ്ലാക്ക് ഫംഗസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേരളത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ബ്ലാക്ക് ഫംഗസ് പുതിയതായി കണ്ടെത്തിയ രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.ഈ രോഗത്തിന്റെ 40 ശതമാനവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് രോഗത്തിന് കരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























