ഇത്രയും പ്രതീക്ഷിച്ചില്ല... തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷവും വിഴുപ്പലക്കി ധര്‍മ്മജനും തിരഞ്ഞെടുപ്പ് യു.ഡി.എഫ്. കമ്മിറ്റി ജനറല്‍ കണ്‍വീനറും; പണപ്പിരിവിന് മറുപടിയായി സന്ധ്യ കഴിഞ്ഞാല്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ലെന്ന് ആരോപണം

കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് ധര്‍മ്മജനെപ്പറ്റി കോണ്‍ഗ്രസുകാര്‍ എന്തൊക്കെയാ പുകഴത്തി പറഞ്ഞത്. ഇപ്പോള്‍ അതെല്ലാം വെറും നുണയാണെന്നാണ് അവര്‍ തന്നെ പറഞ്ഞതില്‍ നിന്നും പറഞ്ഞു വരുന്നത്.
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വന്‍ പരാജയമായിരുന്നുവെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ ആരോപിച്ചു. പ്രചാരണ സമയത്ത് സന്ധ്യക്കുശേഷം സ്ഥാനാര്‍ഥി എവിടെയായിരുന്നെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്നും പിന്നീട് രാവിലെ 10 മണിക്കു ശേഷമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും ഗിരീഷ് പ്രസ്താവനയില്‍ ആരോപിച്ചു.
രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും ധര്‍മജന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മജന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി തന്നെ രംഗത്തെത്തിയത്.
സ്ഥാനാര്‍ത്ഥികള്‍ക്കു സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടത്താന്‍ കഴിയാതെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നതു സാധാരണമാണ്. ഫണ്ടില്ലാത്തതിനാല്‍ പ്രചാരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഗിരീഷ് പറയുന്നു. സംഭാവനയായി കിട്ടിയ 80,000 രൂപ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്ത ഡി.സി.സി ഭാരവാഹിയെയും കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗത്തെയും ഏല്‍പിച്ചതായും ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. രണ്ടാംഘട്ട സ്ഥാനാര്‍ഥി പര്യടനം വേണ്ടെന്നു തീരുമാനിച്ചത് ഈ നേതാക്കളാണ്.
ഉണ്ണികുളത്ത് സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് ഓഫിസ് സന്ദര്‍ശിക്കാന്‍ ധര്‍മജന്‍ തയ്യാറായില്ല. വോട്ടെണ്ണല്‍ ദിനത്തിലും എത്തിയില്ല. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോടു ധര്‍മജന്‍ നന്ദികേടാണ് കാണിക്കുന്നത്.
ബാലുശ്ശേരിയില്‍ ജനങ്ങളുമായി ബന്ധമുള്ള ഒട്ടേറെ പേര്‍ സ്ഥാനാര്‍ത്ഥികളാവാന്‍ യോഗ്യരായിട്ടും ധര്‍മജനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നിലുള്ള താത്പര്യം ദുരൂഹമാണ്. ചില ആളുകളുടെ പ്രേരണയില്‍ യാഥാര്‍ഥ്യം മനസിലാക്കാതെയാണ് ധര്‍മജന്‍ പരാതി നല്‍കിയത്. കെപിസിസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗിരീഷ് മൊടക്കല്ലൂര്‍ ആവശ്യപ്പെട്ടു
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന പരാതിയുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്തു വന്നതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെന്ന് ധര്‍മജന്‍ പറഞ്ഞു.
സംഘടനാപരമായ വീഴ്ച കാരണമാണ് താന്‍ ബാലുശേരിയില്‍ തോറ്റതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ബാലുശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ പോലും കോണ്‍ഗ്രസ് പിന്നിലായി. ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ചയാണെന്നും ഇക്കാര്യങ്ങളെല്ലാം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും ധര്‍മജന്‍ വ്യക്തമാക്കി.
ഈ പരാതിയ്ക്ക് ശേഷമാണ് ധര്‍മ്മജനെ വ്യക്തിപരമായി അധിഷേപിക്കുന്ന പ്രസ്താവനയുമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ രംഗത്തെത്തിയത്. എന്തായാലും ഇരുവരും പരാതിയുമായി രംഗത്തെത്തിയതോടെ ഇനിയും വിഴുപ്പലക്ക് തുടരും.
"
https://www.facebook.com/Malayalivartha
























