പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്... 53 പുതുമുഖങ്ങള്‍ക്ക് പ്രവേശനോത്സവമാകും... രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. 53 പുതുമുഖങ്ങള്‍ക്ക് പ്രവേശനോത്സവമാകും. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ.
അക്ഷരമാലാ ക്രമത്തില്‍ അംഗങ്ങളെ ക്ഷണിക്കും. ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
അതേസമയം കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങള്‍ക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിന്‍സെന്റ് എന്നിവര്‍ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നല്‍കാം. ഭരണമുന്നണി സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും.
ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.
പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങള്‍.
പതിന്നാലാം കേരളനിയമസഭയിലെ 75 പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളില്‍ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയാണ് സീനിയര്‍. അദ്ദേഹം 12-ാം തവണയാണ് തുടര്‍ച്ചയായി സഭയിലെത്തുന്നത്.
പുതുതായി എത്തുന്നവര്‍ക്ക് സഭാ നടപടികള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇവരെ ഒരുമിച്ചിരുത്തുന്നത് ഒഴിവാക്കാന്‍ പഠനം ഓണ്‍ലൈനിലാക്കിയാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























