എല്ലാം ഒരു നിയോഗം പോലെ... മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയാറാം ജന്മദിനം; ചരിത്ര വിജയം നേടിയ ശേഷം ആദ്യ നിയമസഭാ സമ്മേളനത്തില്‍ മുഴുകി പിണറായി; ആഹ്ലാദങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുത്തളത്തില്‍ ഒരിക്കല്‍ കൂടി

പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പറഞ്ഞത് മറ്റാരുമല്ല ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. അതേസമയം സുരേന്ദ്രന്റെ പാര്‍ട്ടിക്ക് ആരേയും ജയിപ്പിക്കാന്‍ കഴിഞ്ഞുമില്ല പിണറായി തുടര്‍ഭരണം നേടുകയും ചെയ്തു.
ചരിത്രമെഴുതിയ തിളക്കമാര്‍ന്ന തുടര്‍വിജയത്തിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 ാം പിറന്നാളാണ്. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് ആഹ്ലാദങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുത്തളത്തിലാകും അദ്ദേഹം. പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയായത് 2016 മേയ് 25നാണ്. അതിന്റെ തലേന്ന് പത്രസമ്മേളനത്തിലാണ് തന്റെ യഥാര്‍ഥ ജനനത്തീയതി ഒരു സസ്‌പെന്‍സ് പോലെ അദ്ദേഹം പുറത്തുപറഞ്ഞത്. ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് ജന്മദിനം.
കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി കെ.വിജയന്‍ എന്ന പിണറായി വിജയന്‍ 1945 മേയ് 24ന് ജനിച്ചു. പിണറായി ശാരദാവിലാസം എല്‍പി സ്‌കൂളിലും, പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പിണറായിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദ പഠനം.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടിയാണ് പിണറായി വിജയന്‍ നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്എഫ്‌ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐയുടെ ആദ്യ രൂപമായ കെഎസ്‌വൈഎഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു. 1967ല്‍ സിപിഐ (എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി.
1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സെപ്റ്റംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. പത്തു വര്‍ഷത്തോളം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു. കേരളത്തില്‍ ഏറ്റവും അധികം കാലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും വിജയനാണ്. 2002ല്‍ പോളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1970ല്‍, 26ാമത്തെ വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഈ സമയത്ത് കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി. ലാവലിനുമായി നടത്തിയ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പിണറായി വിജയനെതിര ആരോപണം ഉയര്‍ന്നു. ഈ കേസില്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി.
കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ന നിലയില്‍ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയര്‍പേര്‍ട്ട്, മെട്രോ റെയില്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍, ഷിപ്പിങ്ങ് ആന്റ് നാവിഗേഷന്‍ തുടങ്ങി മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്.
ആദ്യ തവണ 2016 മേയ് 25നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യ്തു. ഇടതു മുന്നണിക്ക് ലഭിച്ച തുടര്‍ഭരണത്തിലൂടെയാണ് രണ്ടാമതും മുഖ്യമന്ത്രി ആയി സ്ഥാനമേറ്റത്. കോവിഡ് കാലത്തെ കരുതലും പ്രകടനവുമാണ് പിണറായിയെ കേരളത്തിന് പ്രീയപ്പെട്ടവനാക്കിയത്.
തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. മന്ത്രി മുഹമ്മദ് റിയാസ് മരുമകനാണ്.
"
https://www.facebook.com/Malayalivartha
























