സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ജൂലൈയില്‍

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ജൂലൈയില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ വിളിച്ച സംസ്ഥാന മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശിവന്‍കുട്ടി.
പൊതുവിദ്യാഭ്യാസ മേഖലയില്‍ കോവിഡ് കാലത്ത് കേരളം സ്വീകരിച്ച നടപടികള്‍ മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കി.
മാറ്റിവച്ച എസ് എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഉപേക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കാത്ത വിധം ഐടി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തും.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിച്ച് ജൂലൈയില്‍ ഫലപ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ സിബിഎസ്ഇ 12 -ാം ക്ലാസ് പരീക്ഷ നടത്തുന്നതില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്.
വലിയൊരു വിഭാഗം കുട്ടികളും രക്ഷാകര്‍ത്താക്കളും പരീക്ഷ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം രക്ഷിതാക്കളും അധ്യാപകരും കോവിഡ് രണ്ടാംതരംഗം ചൂണ്ടിക്കാട്ടി ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളും, ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകളും നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പിന് എല്ലാ സുരക്ഷാ മുന്‍ കരുതലുകളും സ്വീകരിക്കും.
ദേശീയപരീക്ഷകളുടെ സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിച്ച് പൊതുമാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























