നടപടിയെടുത്താല്‍ താലിയില്‍ ടി.പിയുടെ ചിത്രവുമായി വരും... നടപടിയെടുക്കാന്‍ സ്പീക്കറെ വെല്ലുവിളിച്ച് വീണ്ടും കെ. കെ രമ; ബാഡ്ജ് ധരിച്ച് എത്തിയതിന് പിന്നില്‍ വളരെ വ്യക്തമായ രാഷ്ട്രീയമുണ്ട്; നിലപാട് വ്യക്തമാക്കി രമ

പിണറായി സര്‍ക്കാരിന് നിയമസഭക്കുള്ളില്‍ പേടി സ്വപ്‌നമായി മാറുകയാണ് കെ.കെ രമ. രാഷ്ട്രീയ അരും കൊലകള്‍ക്കെതിരെയുള്ള കേരള മനസ്സാക്ഷിയുടെ പ്രതീകമായ അവരോട് സി.പി.എം നേതാക്കള്‍ക്ക് തികഞ്ഞ അസഹിഷ്ണുതയാണ്. ടി.പിയുടെ ഓര്‍മ്മകള്‍ പോലും അവരെ അലോസരപ്പെടുത്തുകയാണ്. അതിന് തെളിവാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചു എന്ന പേരില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പറ്റുമോ എന്ന് സി.പി.എം ആലോചിക്കുന്നത്. എന്നാല്‍ സി.പി.എമ്മിന്റെ ഈ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമാണ് കെ.കെ രമ വീണ്ടും രംഗത്ത് വരുകയാണ്.
ബാഡ്ജ് ധരിച്ചതിന്റെ പേരില്‍ സ്പീക്കര്‍ നടപടിയെടുക്കുകയാണെങ്കില്‍ തന്റെ മാലയിലും താലിയിലും എല്ലാം ടി.പി. ഉണ്ടാകുമെന്ന് കെ.കെ രമ പറഞ്ഞു. മലയാള മനോരമക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ടി.പി എന്ന പേരു കേള്‍ക്കുന്നത്, അദ്ദേഹത്തിന്റെ ചിത്രം പോലും കാണുന്നത് അവര്‍ക്ക് അസഹിഷ്ണുത ആണെങ്കില്‍ അതു ചെയ്യേണ്ടി വരും. ഒരു ചെറിയ ബാഡ്ജ് വരെ വലിയ അസഹിഷ്ണുത അവരില്‍ ഉണ്ടാക്കി എന്നാണല്ലോ ഇതില്‍നിന്നു മനസ്സിലാകുന്നതെന്നും അവര്‍ ചോദിച്ചു.
ബാഡ്ജ് ധരിച്ച് എത്തിയതിന് പിന്നില്‍ വളരെ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് രമ സമ്മതിക്കുന്നു. സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കാറുണ്ട്, കറുത്ത തുണി പ്രദര്‍ശിപ്പിക്കാറുണ്ട്, കെ.എം.മാണിയുടെ ബജറ്റ് അവതരണ ദിനത്തില്‍ കണ്ടതു പോലെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത ഒരു പാട് പ്രകടനങ്ങള്‍ കേരള നിയമസഭയില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള പല സന്ദര്‍ഭങ്ങളിലും ഇത്തരം അച്ചടക്ക നടപടികള്‍ക്ക് മുതിര്‍ന്നതായി തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
ആ ബാഡ്ജ് തന്റെ സാരിയിലാണ് ഉണ്ടായിരുന്നത്. ശരീരത്തിന്റെ ഭാഗമായാണ് കുത്തിക്കൊണ്ടു പോയത്. അത് എങ്ങനെയാണ് അച്ചടക്ക ലംഘനമായി മാറുന്നതെന്നും കെ.കെ രമ ചോദിക്കുന്നു. അവര്‍ക്ക് അതു ശ്രദ്ധിക്കാതെ ഇരിക്കാമായിരുന്നു. ശ്രദ്ധിച്ചു എന്നതില്‍നിന്നു മനസ്സിലാകുന്നത് ഇതു രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് എന്നു തന്നെയാണ്. ഇനി സഭയും സ്പീക്കറും തീരുമാനിക്കട്ടെ. എന്തു തീരുമാനിച്ചാലും എനിക്ക് പ്രശ്‌നമില്ല. അതുകൊണ്ട് ഇതില്‍നിന്നെല്ലാം പിന്നോട്ടു പോകുന്ന പ്രശ്‌നവുമില്ലെന്നും അവര്‍ വ്യക്തമാക്കി.
കെ.കെ.രമ കേരള നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ ടി.പി.ചന്ദ്രശേഖരന്‍ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ടിപിയുടെ കൂടെയാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തത്. സഭയില്‍ എത്തിയത് ടിപിയാണെന്നും രമ പറയുന്നു. വടകരയിലെ വോട്ടര്‍മാര്‍ സഖാവ് ടി.പി. ചന്ദ്രശേഖരനെ കൂടിയാണ് വിജയിപ്പിച്ചത്.
അതിക്രൂരമായി ആ മനുഷ്യനെ കൊന്നത് അവരുടെ മനസ്സില്‍ എന്നും നീറുന്ന സങ്കടമാണ്. ആ മുഖം അവര്‍ക്ക് ആര്‍ക്കും മറക്കാന്‍ കഴിയില്ല. അതിനു നേതൃത്വം നല്‍കിയ ആളുകള്‍ ഉള്ള നിയമസഭയില്‍ ആദ്യമായി വന്നപ്പോള്‍ അദ്ദേഹത്തെയും ഒപ്പം കൂട്ടാന്‍ താന്‍ തീരുമാനിച്ചു. അതു സഭയ്ക്ക് ശരിയോ തെറ്റോ ആകട്ടെ. അതിന്റെ പേരില്‍ എന്തു ശിക്ഷ കിട്ടിയാലും സ്വീകരിക്കാന്‍ താന്‍ തയാറാമെന്നും അവര്‍ വ്യക്തമാക്കി.
സത്യപ്രതിജ്ഞ ചെയ്തശേഷം തിരിച്ചിറങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേക്കു നോക്കാതെ തൊട്ടടുത്തിരുന്ന മന്ത്രി എം.വി.ഗോവിന്ദന്‍ തൊട്ടുള്ളവരെ അഭാവാദ്യം ചെയ്ത സംഭവത്തിലും രമ മറുപടി പറഞ്ഞു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വണങ്ങാനാണ് താന്‍ തീരുമാനിച്ചത്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ അല്ല. സഭാ നേതാവായ കേരളത്തിന്റെ മുഖ്യമന്ത്രിയോട് തനിക്ക് ബഹുമാനമുണ്ട്. പിണറായി വിജയനെ അല്ല താന്‍ അവിടെ കണ്ടത്, മുഖ്യമന്ത്രിയെ ആണ്. അദ്ദേഹം കൂടി ഉള്‍പ്പെടുന്ന ഭരണപക്ഷത്തെ ഞാന്‍ വണങ്ങിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























