സുധാകരനോടാ കളി... കൊടിക്കുന്നില്‍ സുരേഷിനെ മുന്നില്‍ നിര്‍ത്തി പിന്നോക്ക കാര്‍ഡിറക്കി കെ. സുധാകരനെ വെട്ടാനിരുന്നവര്‍ക്ക് തെറ്റിപ്പോയി; കെ.പി.സി.സി പ്രസിഡന്റ് സുധാകരന് സാദ്ധ്യത; ഈയാഴ്ച ഒടുവില്‍ ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വന്നേക്കും

കെ. സുധാകരന്‍ എം.പി.യെ കെ.പി.സി.സി പ്രസിഡന്റ് ആക്കാതിരിക്കാനുള്ള പരമാവധി ശ്രമങ്ങളാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തിയത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പ് വൈരം മറന്ന് ഒറ്റെക്കെട്ടായി. സുധാകരനെ വെട്ടാന്‍ കൊടിക്കുന്നില്‍ സുരേഷിനെ ഇറക്കുകയും ചെയ്തു. ഒരു പിന്നോക്കക്കാരനെ പ്രസിഡന്റ് ആക്കണമെന്ന് വാദിക്കുകയും ചെയ്തു. എന്നാല്‍ അതും വില പോയില്ല.
രാഹുല്‍ ഗാന്ധിയുടെയും എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പിന്തുണയുള്ള കെ. സുധാകരന്‍ തന്നെ പുതിയ കെ.പി.സി.സി പ്രസിഡന്റാകുമെന്ന് സൂചനകള്‍. ഈയാഴ്ച ഒടുവില്‍ ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വന്നേക്കും.
നേതാക്കളുമായി ആശയവിനിമയത്തിന് ഈയാഴ്ച തിരുവനന്തപുരത്ത് എത്താനിരുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ യാത്ര റദ്ദാക്കി ടെലഫോണില്‍ നേതാക്കളുമായി ബന്ധപ്പെട്ട് തുടങ്ങി. എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവരോട് പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം പ്രധാനമായും ആരായുന്നത്.
പ്രത്യേകിച്ചൊരു അഭിപ്രായവും പറയേണ്ടെന്ന നിലപാടില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്നാണ് താരിഖ് അന്‍വറെ ധരിപ്പിച്ചതെന്നറിയുന്നു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരുവനന്തപുരത്തെത്തി നാടകം കളിച്ചെന്ന വികാരമാണ് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും. ഈ പ്രഹസനമാണ് പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിനെ വലിയ ചര്‍ച്ചയാക്കിയതും രമേശ് ചെന്നിത്തലയെ അപമാനിതനാക്കിയതും.
കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിലും അത് ആവര്‍ത്തിക്കാതിരിക്കാനാണ് പ്രത്യേകിച്ചൊരു പേരും പറയേണ്ടെന്ന തീരുമാനം. കെ. മുരളീധരനും അതേ നിലപാടാണ്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അദ്ദേഹവും താരിഖ് അന്‍വറെ ധരിപ്പിച്ചതെന്നാണ് വിവരം. തീരുമാനം എടുത്തുകഴിഞ്ഞിട്ട് അഭിപ്രായം ചോദിക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി താരിഖ് അന്‍വറോട് പറഞ്ഞതായും സൂചനയുണ്ട്.
കെ.പി.സി.സി അദ്ധ്യക്ഷനോടൊപ്പം വിവിധ ഡി.സി.സി അദ്ധ്യക്ഷന്മാര്‍ക്കും മാറ്റമുണ്ടായേക്കും. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ സതീശന്‍ പാച്ചേനി മാറി, വേണുഗോപാലിനോട് അടുപ്പമുള്ള നേതാവ് ഡി.സി.സി അദ്ധ്യക്ഷനായേക്കും. ഡല്‍ഹിയില്‍ എ.ഐ.സി.സിയിലെ ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ജി23ല്‍ പെട്ട മനീഷ് തിവാരി, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കള്‍ക്ക് രമേശ് ചെന്നിത്തലയുമായി നേരത്തേ മുതലുള്ള അടുപ്പവും ചര്‍ച്ചയാണ്. ആ ബന്ധം വച്ച് രമേശും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും ജി23മായി അടുത്തേക്കുമെന്ന പ്രചാരണമുണ്ട്.
ആഗസ്റ്റില്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ്, രാഹുലിന്റെ മണ്ഡലം ഉള്‍പ്പെടുന്ന കേരളം. ഹൈക്കമാന്‍ഡ് അത്തരം സാഹചര്യങ്ങളും ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍ അഭ്യൂഹ പ്രചാരണങ്ങള്‍ പാര്‍ട്ടികേന്ദ്രങ്ങള്‍ തള്ളുന്നുമുണ്ട്.
എന്തായാലും സുധാകരന്‍ വരുന്നതോടെ കോണ്‍ഗ്രസിന് വലിയൊരു ഉണര്‍വ് വരുമെന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha