എല്ലാം തിരിച്ചടിക്കുന്നല്ലോ... ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ സംബന്ധിച്ച് ഇന്നത്തെ കോര്‍ കമ്മിറ്റി യോഗം നിര്‍ണായകമാകുന്നു; ദേശീയ നേതൃത്വത്തിന്റെ മാര്‍ഗരേഖ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വരും; സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തും

ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ സംബന്ധിച്ച് ഇന്നത്തെ കോര്‍ കമ്മിറ്റി യോഗം നിര്‍ണായകമാണ്. എതിരാളികള്‍ ആരുമില്ലാതെ ബിജെപിയെ ശക്തമായി നയിച്ചു വരുന്നതിന് പിന്നാലെയാണ് നിയമസഭാ തോല്‍വി ഉണ്ടായത്. അതിനിടെ കുഴല്‍പ്പണ വിവാദവും കോഴ വിവാദവും പൊങ്ങി വന്നു. അതെല്ലാം രഹസ്യമായെങ്കിലും കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ചര്‍ച്ചയുടെ രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
ദേശീയ നേതൃത്വത്തിന്റെ മാര്‍ഗരേഖ ചര്‍ച്ച ചെയ്യാനാണ് ഇന്ന് ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ വിവാദ വിഷയങ്ങളിലുള്‍പ്പെടെ സ്വീകരിക്കേണ്ട നിലപാടുകളും തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് പങ്കെടുക്കുക.
തെരഞ്ഞെടുപ്പ് ഫണ്ട് പോലും ചര്‍ച്ചയായതിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്നും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര നേതൃത്വം മാര്‍ഗരേഖയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അച്ചടക്ക കാര്യത്തില്‍ വിട്ടു വീഴ്ചയില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ ഒ.ബി.സി മോര്‍ച്ച നേതാവിനെതിരെ നടപടി വന്നത് ഇതിന്റെ ഭാഗമാണ്. നടപടിക്ക് വിധേയനായ ആള്‍ ഔദ്യോഗിക പക്ഷത്തോടൊപ്പം നില്‍ക്കുന്ന നേതാവായിട്ടും നടപടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചയില്‍ നിന്ന് മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളും മാര്‍ഗരേഖയിലുണ്ട്.
കൊവിഡ് കാലത്ത് കേന്ദ്ര നേതൃത്വം രൂപം നല്‍കിയ സേവാ ഹി സങ്കേതന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നടന്നതിനെക്കുറിച്ചുള്ള വിലയിരുത്തലുണ്ടാകും. സഹകരിക്കാത്ത നേതാക്കളും ഘടകങ്ങളും വിശദീകരണം നല്‍കേണ്ടി വരും. കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും പൊലീസ് നടപടികളും യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണ് ഓണ്‍ലൈനല്ലാതെ യോഗം ചേരുന്നത്. അതിനാല്‍ തന്നെ നിര്‍ണായകവുമാണ്.
അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണമഴിച്ചുവിട്ടുവെന്ന് ആരോപിച്ച് കൊല്ലം സ്വദേശി വിനയ് മൈനാഗപ്പള്ളിക്കെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അങ്കമാലി മണ്ഡലം പ്രസിഡന്റ് അജേഷ് പാറക്ക എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇരുന്നൂറോളം പേര്‍ അംഗങ്ങളായിട്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ വിനയ് ഈ ഗ്രൂപ്പ് വഴിയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് യുവമോര്‍ച്ച നേതാക്കള്‍ പരാതിപ്പെടുന്നത്. ഇതിലൂടെ പാര്‍ട്ടിയെയും പാര്‍ട്ടിയിലെ നേതാക്കളെയും സമൂഹത്തിന് മുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് വിനയ് ചെയ്തതെന്നും യുവമോര്‍ച്ച പറയുന്നു.
കെ സുരേന്ദ്രനും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് കൈക്കലാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ഇതിലൂടെ പാര്‍ട്ടി അദ്ധ്യക്ഷന്റെ അക്കൗണ്ടിലേക്ക് 100 കോടി രൂപ വന്നുവെന്നുമുള്ള വിനയ് മൈനാഗപ്പള്ളിയുടെ ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും യുവമോര്‍ച്ച തങ്ങളുടെ പരാതിയില്‍ അറിയിക്കുന്നു.
സമൂഹത്തില്‍ അരാജകത്വവും സംഘര്‍ഷവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതരായ വ്യക്തികള്‍ക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് വിനയ് എന്നും പരാതിയില്‍ ആരോപണമുണ്ട്.
"
https://www.facebook.com/Malayalivartha