അതെങ്ങാനും സംഭവിച്ചാല്‍... സമ്പൂര്‍ണ പരാജയത്തിന് പിന്നാലെ വിവാദങ്ങളില്‍പ്പെട്ട കെ സുരേന്ദ്രന്‍ ബി.ജെ.പി.യുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ രാജി സന്നദ്ധത അറിയിക്കുമെന്ന് പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ട്; ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന നിലപാടില്‍ നേതാക്കള്‍

ബിജെപി കേന്ദ്ര നേതൃത്വം പോലും ചര്‍ച്ച ചെയ്യാത്ത കെ. സുരേന്ദ്രന്റെ രാജി ഉറപ്പിക്കുകയാണ് മലയാളത്തിലെ പ്രമുഖ പത്രം. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിക്കുമെന്നാണ് പത്രം പറയുന്നത്. സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുണ്ടാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല.
തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുടെ കോര്‍ കമ്മിറ്റി ഞായറാഴ്ച ചേരുമ്പോള്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിക്കുമെന്ന് ചില മുതിര്‍ന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പണവിവാദങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കണമെന്ന നിലപാടാണ് നേതാക്കള്‍ക്കിടയിലുള്ളത്.
ആരോപണങ്ങളുടെ ചെളിക്കുണ്ടിലായ പാര്‍ട്ടിയെ അതില്‍നിന്ന് പൊക്കിയെടുക്കാന്‍ കെ. സുരേന്ദ്രന് ആവില്ലെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷം ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍, അവരിപ്പോള്‍ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല. സുരേന്ദ്രനെ രാജിയിലേക്ക് എത്തിക്കാനുള്ള നീക്കമാവും ഉണ്ടാവുക. എന്നാല്‍, സുരേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം ശക്തമായി തുടരുമെന്നും. അതിന് അയവുവരുത്താന്‍ സുരേന്ദ്രന്റെ രാജിക്ക് കഴിയുമെന്നും കരുതുന്ന നേതാക്കളുമുണ്ട്.
അതേസമയം സംസ്ഥാന പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നാണ് മുരളീധരവിഭാഗം കരുതുന്നത്. രാജിവെച്ചാല്‍ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്.
പുറമേനിന്നുള്ള ആരോപണങ്ങള്‍ക്ക് പകരം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കൃഷ്ണദാസ് വിഭാഗം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും അതിലൊന്നും കാര്യമായി ചര്‍ച്ചചെയ്യാന്‍ സാധിച്ചിട്ടില്ല.
ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുകയാണ്. കേരളത്തിലെ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ഇവിടത്തെ ദയനീയമായ തോല്‍വിയും പിന്നീടുണ്ടായ വിവാദങ്ങളും കേന്ദ്രം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.
കേരളത്തിലെ ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അതൃപ്തിപോലും അവഗണിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ കൊണ്ടുവന്നത്. അദ്ദേഹത്തെ വളരെപ്പെട്ടെന്നുതന്നെ നീക്കേണ്ടിവരുന്നത് കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയാണ്. കേന്ദ്രനിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അടിയന്തര കോര്‍ കമ്മിറ്റിയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം.
അതേസമയം കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലബീഷ് എന്നിവരെ തൃശൂര്‍ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ധര്‍മ്മരാജനെ വിളിച്ചത് തിരഞ്ഞെടുപ്പു സാമഗ്രികളുമായി ബന്ധപ്പെട്ടാണെന്ന് ഇവര്‍ മൊഴി നല്‍കി.
അതേസമയം പ്രതികളിലൊരാളായ രഞ്ജിത് കവര്‍ച്ചപ്പണം കൈമാറിയ മുന്‍ സി.പി.എം പ്രവര്‍ത്തകന്‍ ശ്രീനാരായണപുരം പൂതോട്ട് പി.ആര്‍ റെജിലിനെയും (ടുട്ടു) പൊലീസ് ചോദ്യം ചെയ്തു. യുവമോര്‍ച്ച നേതാവ് സത്യേഷ് വധക്കേസിലും എടവിലങ്ങ് സ്വദേശി പ്രമോദ് വധക്കേസിലും പ്രതിയാണ് റെജില്‍.
രഞ്ജിത് മൂന്ന് ലക്ഷം രൂപ റെജിലിന് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പണം കിട്ടിയെന്നും ഇത് കവര്‍ച്ചപ്പണമാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. ഇങ്ങനെ ഒരു വശത്ത് കേസും മറുവശത്ത് കമ്മിറ്റിയും ചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha