ഇനി വലിയ കളികള്‍ മാത്രം... കെ സുരേന്ദ്രനും സുരേഷ് ഗോപിക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ കെ. മുരളീധരനേയും പദ്മജ വേണുഗോപാലിനേയും പ്രതിരോധത്തിലാക്കി സുരേന്ദ്രന്‍ രംഗത്ത്; മുരളിക്കെതിരെ സുരേന്ദ്രന്‍; മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് 10 കോടി പിരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കെ. മുരളീധരന്‍ എപിയും സുരേഷ് ഗോപിക്കെതിരെ സഹോദരി പദ്മജ വേണുഗോപാലും ഒരേ ദിവസമാണ് രംഗത്തെത്തിയത്. മുരളീധരന് തക്ക മറുപടിയാണ് സുരേന്ദ്രന്‍ നല്‍കുന്നത്.
കൊടകര കുഴല്‍പണ കേസില്‍ തനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട കെ. മുരളീധരന്‍ രംഗത്തെത്തിയത്. ലക്ഷ്യം വച്ചത് തന്നെയോ ബിജെപിയെയോ അല്ലെന്നും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികാരത്രയത്തെയും കെ.സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ആണെന്നാണ് സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
ബിജെപിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ താങ്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യംവച്ചത് എന്നെയോ ബിജെപിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് പിന്നെ കര്‍ണാടക പിസിസി വഴി കേരളത്തിലേക്കുവന്ന കോടികള്‍ താനറിഞ്ഞില്ലെന്നു പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ ഏതായാലും വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ടിവരില്ല.
ചാണ്ടി - ചെന്നിത്തല - മുല്ലപ്പള്ളി അധികാരത്രയത്തെയും കെ.സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നംവച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തിരഞ്ഞെടുപ്പ് കമ്മിഷന് ഞങ്ങളുടെ പാര്‍ട്ടി കൊടുത്തുകൊള്ളാം. സ്റ്റാര്‍ ക്യാംപെയ്‌നേഴ്‌സ് പട്ടികയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉള്‍പ്പെടുത്തിയവരുടെ ചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍ വരില്ലെന്ന സാമാന്യ വിവരം എത്രയോ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച താങ്കള്‍ക്കറിയില്ലെങ്കില്‍ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.
ഇനി ഹെലികോപ്റ്ററില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കള്‍ അറിയണമായിരുന്നു.
അതൊക്കെ പോട്ടെ. മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലെയും മോദിവിരുദ്ധ പണച്ചാക്കുകളില്‍നിന്ന് താങ്കള്‍ പത്തു കോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു. ഇനിയുമുണ്ട് തിരഞ്ഞെടുപ്പുകഥകള്‍. ശേഷം ഇടവേള കഴിഞ്ഞ്... ഇതു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ പറഞ്ഞു. സുരേഷ് ഗോപിയും ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ എന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.
കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ എന്നും പദ്മജ ചോദിക്കുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha