ദൈവം പിടിച്ചുകൊടുത്തു... ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിനെ കുടുക്കിയത് ആ ഓട്ടം; പോലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താന്‍ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു; മടങ്ങി പോകാനിരുന്നപ്പോള്‍ കുടുക്കിയത് മാര്‍ട്ടിന്റെ ഓട്ടം

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് അപ്രതീക്ഷിതമായാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ ഒരുപക്ഷേ ഓടാതിരുന്നെങ്കില്‍ ഉടനെയെന്നും പിടികൂടാന്‍ കഴിയുമായിരുന്നില്ല. പോലീസിനെക്കണ്ട് ഓടിയതു തെറ്റിദ്ധാരണമൂലമാണ്.
പോലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താന്‍ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോള്‍ മാര്‍ട്ടിന്‍ കരുതിയത് ഫ്‌ളാറ്റില്‍ മഫ്തി പൊലീസ് വീടുവളഞ്ഞെന്നാണ്. മാര്‍ട്ടിനെ കണ്ടിട്ടില്ലെന്നു വീട്ടുടമസ്ഥന്‍ മറുപടി നല്‍കിയപ്പോള്‍ പൊലീസ് സംഘം അടുത്ത വീട്ടിലേക്കു പോകാനൊരുങ്ങി. ഇതറിയാതെ, പൊലീസ് വീടുവളഞ്ഞെന്നു കരുതി മാര്‍ട്ടിന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. പൊലീസ് പിന്നാലെയും.
ഓരോ പോലീസുകാരന്റെയും നേതൃത്വത്തില്‍ പത്തോളം നാട്ടുകാരടങ്ങുന്ന സംഘമാണ് മുണ്ടൂരിനടുത്തുള്ള കിരാലൂരില്‍ മാര്‍ട്ടിനെ തിരയാനിറങ്ങിയത്. നിഴല്‍ പോലീസ് എസ്‌ഐ പി.എം. റാഫിയും 5 നാട്ടുകാരുമടങ്ങിയ സംഘം പല വീടുകള്‍ കയറിയിറങ്ങി ചെമ്മാഞ്ചിറയിലെ ഒരു വീടിനു മുന്നിലെത്തി. മാര്‍ട്ടിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ പതര്‍ച്ചയൊന്നുമില്ലാതെ വീട്ടുകാരന്‍ പറഞ്ഞു, 'ഇങ്ങനെയൊരാളെ കണ്ടിട്ടില്ല.' ആ വീട്ടിലായിരുന്നു 2 ദിവസമായി മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത്.
മാര്‍ട്ടിന്റെ അകന്ന ബന്ധുവായിരുന്നു വീട്ടുടമസ്ഥന്‍. വീടിനുള്ളില്‍ നിന്നു തലപൊക്കി നോക്കിയപ്പോള്‍ മാര്‍ട്ടിന്‍ കരുതി 'മഫ്തി' സംഘം വീടുവളഞ്ഞെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. ഒരു കാര്യവുമില്ലാതെ ഒരാള്‍ ഓടുന്നതു കണ്ട റാഫിയും സംഘവും പിന്നാലെ കുതിച്ചപ്പോഴാണ് മാര്‍ട്ടിനാണതെന്നു മനസ്സിലായത്. സമീപത്തെ പാടം വഴിയോടി മാര്‍ട്ടിന്‍ കാടുമൂടിയ ചതുപ്പില്‍ പതുങ്ങി. പിന്നീടാണ് പിടികൂടിയത്.
മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്ന ഫോണിലെ വാട്‌സാപ്പിലൂടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞതില്‍ നിന്നാണ് കേസിന്റെ ഗതിമാറ്റം. കാക്കനാട്ടെ മാര്‍ട്ടിന്റെ സുഹൃത്തിലേക്ക് അന്വേഷണസംഘം എത്തിയതങ്ങനെ. ഈ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ തൃശൂര്‍ ദിശയില്‍ സഞ്ചരിക്കുന്നതായി മനസ്സിലായി. മാര്‍ട്ടിന്റെ ബിഎംഡബ്ല്യു കാറില്‍ മാര്‍ട്ടിനെ സുഹൃത്ത് മുണ്ടൂര്‍ വഴി കിരാലൂരിലെത്തിച്ചു.
മാര്‍ട്ടിനെ ഇറക്കിയശേഷം കാര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചു. ഈ കാറും മാര്‍ട്ടിനെ സഹായിക്കാന്‍ കൂട്ടാളികള്‍ സഞ്ചരിച്ച മറ്റൊരു കാറും 2 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ പിടിയിലായ വിവരം മാര്‍ട്ടിന്‍ ആദ്യം അറിഞ്ഞിരുന്നില്ല. ഇവരെ കാണാതായപ്പോള്‍ അന്വേഷിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് മാര്‍ട്ടിന്റെ ലൊക്കേഷന്‍ ഏറെക്കുറെ പൊലീസ് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ അനന്ത് ലാലും 25 അംഗ സംഘവും ആദ്യദിവസം അരിച്ചു പെറുക്കിയിട്ടും മാര്‍ട്ടിനെ കിട്ടിയില്ല.
രണ്ടാം ദിവസം കൂടുതല്‍ മികച്ച 'സ്ട്രാറ്റജി' പുറത്തെടുത്തു. സ്ഥലം നന്നായി അറിയാവുന്ന നാട്ടുകാരെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തുക അതാണ് ഫലം കണ്ടത്.
മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയത് 'ഗറില' വേട്ടയ്ക്കു സമാനമായ ഓപ്പറേഷന്‍. കാടും ചതുപ്പും തോടുമെല്ലാം താണ്ടി പൊലീസിനൊപ്പം മാര്‍ട്ടിന്‍ വേട്ടയില്‍ പങ്കെടുത്തത് മുന്നൂറോളം നാട്ടുകാരാണ്. കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാറും സംഘവും 3 ദിവസമായി തൃശൂരില്‍ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കിരാലൂരിലെ ഒളിസങ്കേതം കണ്ടെത്തിയത്.
ഓരോ പൊലീസുകാരന്റെയും കീഴില്‍ 4 നാട്ടുകാര്‍ വീതമുള്ള 'നാടന്‍ ടാസ്‌ക് ഫോഴ്‌സ്' നിരന്നു. 2 ഡ്രോണുകള്‍ പൊലീസിനു വഴികാട്ടിയായി ആകാശത്തു പറന്നു.
ചെളിയും കാടും അരയ്‌ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാര്‍ട്ടിന്‍ സമീപത്തെ അയ്യംകുന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങള്‍ ഇവിടേക്ക് എത്തിയപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടുമോടി. 75 മീറ്റര്‍ പിന്നിലായി പൊലീസും. ഒരു ഫ്‌ലാറ്റിനു മുകളില്‍ കയറിയ മാര്‍ട്ടിന്‍ പൊലീസ് വളഞ്ഞതോടെ ചെറുത്തുനില്‍പ്പിനു ശ്രമിക്കാതെ കീഴടങ്ങി.
"
https://www.facebook.com/Malayalivartha