യുപി പോയാല്‍ എല്ലാം പോകും... അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി. നിര്‍ണായകമാകുമ്പോള്‍ മോദി യോഗി കൂടിക്കാഴ്ച്ച; യു.പി.മന്ത്രിസഭാ പുനഃസംഘടനാ നീക്കം വീണ്ടും സജീവം; ബി.ജെ.പി.യില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയ്ക്കും സാധ്യത

ഉത്തര്‍ പ്രദേശ് ബിജെപിയെ സംബന്ധിച്ച് വളരെ വലുതാണ്. അതിനാല്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് നഷ്ടപ്പെടുത്താതിരിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് യു.പി. മന്ത്രിസഭ പുനഃസംഘടന നടക്കാത്തതെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണിത്. രണ്ട് ദിവസമായി ഡല്‍ഹിയിലുള്ള യോഗി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരെയും കണ്ടിരുന്നു.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി.യില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മന്ത്രിസഭ അഴിച്ചുപണിക്കുള്ള നീക്കം ഇതോടെ സജീവമായി. കഴിഞ്ഞദിവസം ബി.ജെ.പി.യില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.
മോദിയും യോഗിയും തമ്മില്‍ 2017 മുതല്‍ തന്നെ അകല്‍ച്ച നിലവിലുണ്ട്. ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മോദിയുടെ എതിര്‍പ്പിനെ മറികടന്ന് യോഗിയെ മുഖ്യമന്ത്രിയാക്കിയതെന്ന് പ്രചാരണമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എ.കെ. ശര്‍മയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യോഗി എതിര്‍പ്പുയര്‍ത്തിയത് ഇരുവരും തമ്മില്‍ സമീപകാലത്ത് അഭിപ്രായ വ്യത്യാസം വര്‍ധിപ്പിച്ചു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിച്ച് എ.കെ. ശര്‍മയെ ഉപമുഖ്യമന്ത്രിയാക്കണമെന്നതാണ് മോദിയുടെ നിലപാട്. ഇത് തനിക്കുമേല്‍ അധികാരമുറപ്പിക്കാനാണെന്നാണ് യോഗി കരുതുന്നത്. ശര്‍മ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് ദേശീയ ഉപാധ്യക്ഷന്‍ രാധാമോഹന്‍ സിങ് കഴിഞ്ഞദിവസം ലഖ്‌നൗവില്‍ പറഞ്ഞു.
ജാതിരാഷ്ട്രീയം നിര്‍ണായകമായ യു.പി.യില്‍ ഠാക്കൂര്‍ വിഭാഗക്കാരനായ യോഗി നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ ബ്രാഹ്മണ വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന പരാതി പരിഹരിക്കാനാണ് മന്ത്രിസഭയില്‍ ജിതിന്‍ പ്രസാദയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നിയമസഭാ കൗണ്‍സിലിലൂടെ മന്ത്രിസഭയിലെത്തിക്കാനാണ് ആലോചന. ജിതിന്‍ വെള്ളിയാഴ്ച യോഗിയെ കണ്ടു.
കര്‍ഷകസമരം മൂലം പാര്‍ട്ടിക്ക് ക്ഷീണമുണ്ടായ പശ്ചിമ യു.പി.യില്‍ തിരിച്ചുവരവിനായി സംസ്ഥാനനേതൃത്വം ശ്രമങ്ങള്‍ തുടങ്ങി. 2017ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പടിഞ്ഞാറന്‍ യു.പി. ബി.ജെ.പി.യെ പിന്തുണച്ചിരുന്നു.
കാര്‍ഷിക മേഖലകളായ ബറേലി, മുസഫര്‍നഗര്‍, സഹ്രാന്‍പൂര്‍, ഷാംലി തുടങ്ങിയ 14 ജില്ലകളിലെ ജാഠ് വിഭാഗങ്ങള്‍ ബി.ജെ.പി.യുടെ ഉറച്ച വോട്ടുബാങ്കുകളായിരുന്നു. കര്‍ഷക സമരത്തോടെ ഈ മേഖലകള്‍ പാര്‍ട്ടിയെ കൈവിട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.പി., ബി.എസ്.പി., കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി. പാര്‍ട്ടികളാണ് നേട്ടമുണ്ടാക്കിയത്.
ഈ മാസം ആദ്യം യുപിയിലെ തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാനായി ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടി നേതാക്കളുമായും എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്തയാളുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യോഗി ദില്ലിയിലെത്തിയത്. ജിതിന്‍ പ്രസാദയുടെ വരവോടെ ഇടഞ്ഞു നില്‍ക്കുന്ന ബ്രാഹ്മണ സമുദായത്തെ ചേര്‍ത്തുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
"
https://www.facebook.com/Malayalivartha