ഇത്രയും പ്രതീക്ഷിച്ചില്ല... ആ 500 പേരില്‍ ഞാനില്ല എന്ന് മേനിപറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ അവസരം വന്നപ്പോള്‍ കാത്തിരുന്ന് കൊടുത്ത് സഖാക്കള്‍; സുധാകരന്റെ പട്ടാഭിഷേകം ഗംഭീരമാക്കിയ പ്രവര്‍ത്തകര്‍ കേസില്‍ പെട്ടുപോയി; വീണിടം വിദ്യയാക്കി നേതാക്കള്‍

സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വേളയില്‍ 500 പേര്‍ പങ്കെടുത്തതിനെതിരെ വലിയ ക്യാമ്പയിനാണ് കോണ്‍ഗ്രസുകാര്‍ നടത്തിയത്. ആ 500 പേരില്‍ ഞാനില്ല എന്നത് വലിയ ചര്‍ച്ചയായി. അന്ന് മൗനം പാലിച്ച സഖാക്കള്‍ക്ക് ഇന്നലെ ചാകരയായിരുന്നു.
കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ ചടങ്ങിനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. വെള്ളയമ്പലത്തെ കെപിസിസി ഓഫിസിനു മുന്‍പില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണു മ്യൂസിയം പൊലീസ് കേസെടുത്തത്.
പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.
സ്ഥാനാരോഹണച്ചടങ്ങിനു കെപിസിസി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകരെല്ലാം മാസ്‌ക് ധരിച്ചിരുന്നു. ഓഫിസിലേക്കു പ്രവേശിക്കുന്നിടത്തു സാനിറ്റൈസറും സജ്ജമാക്കിയിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെക്കുറിച്ചു നേതാക്കള്‍ ഇടയ്ക്കിടെ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചെങ്കിലും സാമൂഹിക അകലം പലപ്പോഴും പാലിക്കപ്പെട്ടില്ല. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതേസമയം, രാഷ്ട്രീയപ്രേരിതമായാണു പൊലീസ് നടപടിയെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉണ്ട്. തിരഞ്ഞെടുപ്പു വിജയാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എ!ല്‍ഡിഎഫ് നേതാക്കള്‍ കൂട്ടംകൂടി കേക്ക് മുറിക്കുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സ്ഥാനമേല്‍ക്കുന്നതിനു മുന്‍പു മുഖ്യമന്ത്രി ഉള്‍പ്പെടെ നിയുക്ത മന്ത്രിമാര്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയപ്പോഴും സാമൂഹിക അകലം പാലിച്ചിരുന്നില്ല. ഈ സംഭവങ്ങളില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്നാണ് ആരോപണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നൂറുകണക്കിനു പേരെ അഭിമുഖത്തിനു വിളിച്ചുവരുത്തിയ സംഭവത്തിലും കേസ് വേണ്ടെന്നായിരുന്നു പൊലീസ് തീരുമാനം.
ഇത്രയധികം ആളുകള്‍ വരുമെന്നു കരുതിയില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം അംഗീകരിച്ചാണു പൊലീസ് കേസ് ഒഴിവാക്കിയത്.
തന്നെ സിപിഎം ഭയപ്പെടുന്നതുകൊണ്ടാണു ചുമതലയേല്‍ക്കുന്നതിനു മുന്‍പുപോലും പലതരത്തിലും കടന്നാക്രമിക്കുന്നതെന്നു കെ.സുധാകരന്‍ സ്ഥാനാരോഹണച്ചടങ്ങില്‍ ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇതേ ചടങ്ങിനെതിരെയുള്ള പൊലീസ് കേസെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
കോവിഡ് മാനദണ്ഡങ്ങളാല്‍ ജനം പൊറുതിമുട്ടുകയും നാട് ആകമാനം ലോക്ക്ഡൗണില്‍പ്പെട്ട് ഉഴലുകയും ചെയ്യുമ്പോഴാണ്, കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്റെ സ്ഥാനോഹരണ പരിപാടിയുടെ ഭാഗമായി യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ ആയിരത്തോളം വരുന്ന ആളുകളെ സംഘടിപ്പിച്ചു കൊണ്ട് തിരുവനന്തരത്ത് പൊതുപരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു പരാതിയിലെ ആരോപണം. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സുധാകരനെതിരെയും, പ്രതിപക്ഷ നേതാവ് വി ടി സതീശനെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ആ അഞ്ചൂറില്‍ ഞങ്ങളില്ലെന്ന ക്യാമ്പയിന്‍ ഉള്‍പ്പെടെ നടത്തിയായിരുന്നു അന്ന് യുഡിഎഫ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണം വിവാദത്തിന് വഴിവച്ചതും നിയമ നടപടി നേരിടുന്നതും.
https://www.facebook.com/Malayalivartha