ആശുപത്രിയില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ ആരെങ്കിലും വേണമെന്ന് പറഞ്ഞ് തന്ത്രമൊരുക്കി; യാത്രയ്ക്കിടെ കയ്യുറ എടുക്കാനെന്ന വ്യാജേനയെത്തി യുവതിയെ കടന്നുപിടിച്ചു!! പീഡന വിവരം കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിന് ഇമെയില്‍ അയച്ചു ഇരയായ യുവതി! സ്ത്രീകളായ കോവിഡ് രോഗികള്‍ക്കൊപ്പം ആംബുലന്‍സില്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ വേണമെന്ന നിബന്ധനയും പാലിച്ചിരുന്നില്ല; കോവിഡ് രോഗിയുടെ ബന്ധു യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഈ കോവിഡ് കാലത്തും ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ ചുരുക്കം ചിലരുടെ പെരുമാറ്റ എല്ലാ വിധത്തിലും ഞെട്ടിക്കുന്ന സംഭവമാണ്. ആറന്മുളില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തിന് പുറമേ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. അബോധാവസ്ഥയില്‍ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോയ രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി.
ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ഈ മാസം 3നു രാത്രി 11നു നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണു തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയായിരുന്നു സംഭവം.
പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന, തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണു രോഗിയെ കൊണ്ടുപോയത്. രോഗിയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ ആശുപത്രിയില്‍ സഹായിയായി നില്‍ക്കാന്‍ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴത്തെ സാഹചര്യത്തിലാണ് യുവതി കൂടി ആംബുലന്‍സില്‍ കയറിയത്.
യാത്രയ്ക്കിടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ തനി സ്വഭാവം കാണിച്ചത്. കയ്യുറ എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇതിനിടെ അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. ഈ മരണത്തിന്റെ പശ്ചാത്തലത്തില്‍ യുവതിക്ക് നേരിട്ട് പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുക്കാന്‍ കഴിഞ്ഞില്ല.
ഇമെയില്‍ വഴി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. സംഭവത്തില്‍ യുവതിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെ ആറന്മുളയില്‍ ആംബുലന്‍സില്‍ വെച്ച് കോവിഡ് ബാധിതയായ യുവതിയെ ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങിയിട്ടുണ്ട്. 540 പേജുകളുള്ള കുറ്റപത്രം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് സമര്‍പ്പിച്ചത്. ആംബുലന്‍സ് ഡ്രൈവറും കേസിലെ ഏക പ്രതിയുമായ നൗഫല്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സംഭവം നടന്ന് 47-ാമത് ദിവസമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 94 സാക്ഷികളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് കേരളത്തെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. കോവിഡ് പോസിറ്റീവായ 19 കാരിയെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ വിജനമായ പ്രദേശത്തു വെച്ച് അര്‍ധരാത്രിയായിരുന്നു പീഡനം നടന്നത്. അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബന്ധുവീട്ടില്‍ കഴിയവെയാണു പെണ്‍കുട്ടിയും കോവിഡ് പോസിറ്റീവായത്.
രാത്രി പത്തോടെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന പന്തളത്തെ ആശുപത്രിയിലേക്കു പോയില്ല. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നു മറ്റൊരു ആംബുലന്‍സില്‍ കയറ്റി. ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികള്‍ക്കൊപ്പം ആംബുലന്‍സില്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha