സംസ്ഥാനത്ത് കനത്ത മഴ! അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയുണ്ടായി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്.
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നാണ് അറിയിപ്പിൽ പറയുന്നത്.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.
അതോടൊപ്പം തന്നെ നീലഗിരി ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയുടെ കുന്താ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ മഴ ശക്തിപ്രാപിച്ചു. കുന്നൂര്‍, കോത്തഗിരി താലൂക്കില്‍ മഴ കുറവാണ്. മഴക്കൊപ്പം കാറ്റും ശക്തമായതിനെ തുടര്‍ന്ന് ഊട്ടി, കുന്താ ഭാഗത്ത് മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗത തടസ്സം നേരിടുകയുണ്ടായി. കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ല ഭരണകൂടം നടപടികള്‍ സ്വീകരിച്ചതിന്‍െറ ഫലമായി പൊതുമരാമത്തും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തടസ്സങ്ങള്‍ ഒഴിവാക്കിവരുകയാണ്.
അതേസമയം ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയുടെ പലഭാഗത്തും മരങ്ങള്‍ റോഡിലേക്ക് വീണു ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. കുന്താ താലൂക്കില്‍ റോഡുകളില്‍ മണ്ണിടിയുകയും മരം വീഴുകയും ചെയ്തു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ താഴ്ന്ന പ്രദേശങ്ങളിലൂടെ ഒഴുകുന്ന പുഴകളും തോടുകളും പല ഭാഗങ്ങളില്‍ ശുചീകരിച്ചതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്ക ഭീഷണി ഇല്ലാതായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം കുറ്റിമൂച്ചിയില്‍ പുഴ ശുചീകരിച്ചതിനാല്‍ റോഡിലേക്ക് മഴവെള്ളം കയറിയില്ല. അതേസമയം, ഈ പുഴയുടെ മേല്‍ഭാഗത്തെ കുങ്കൂര്‍മൂലക്കു സമീപത്തെ പാടങ്ങളില്‍ വെള്ളം കയറി നിറഞ്ഞൊഴുകി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കുന്താ താലൂക്കിലെ അവലാഞ്ചിയിലാണ്- 136 മില്ലിമീറ്റര്‍.
കൂടാതെ എമറാള്‍ഡ് 61, അപ്പര്‍ ഭവാനി 56, ദേവാല 47, ചെറുമുള്ളി 43, പന്തല്ലൂര്‍ 73, ഊട്ടി 15.6, നടുവട്ടം 12.5, ഗൂഡല്ലൂര്‍ 17 മില്ലിമീറ്ററാണ് ലഭിച്ചത്. മഴനിഴല്‍ പ്രദേശമായ മസിനഗുഡിയില്‍ 20 മി.മീറ്റര്‍ പെയ്തു. ജില്ലയിലെ ശരാശരി മഴ 21.9 ആണ്.
https://www.facebook.com/Malayalivartha