എവിടെ നമ്മുടെ വി.എസ് ? പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ വി. എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിക്കെ പ്രകൃതിയെ വെട്ടി മുറിച്ച് മരങ്ങള്‍ക്ക് കീഴില്‍ കത്തി വയ്ക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍

എവിടെ നമ്മുടെ വി.എസ് ? പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ വി. എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിക്കെ തന്നെ ഇതാ പ്രകൃതിയെ വെട്ടി മുറിച്ച് മരങ്ങള്‍ക്ക് കീഴില്‍ കത്തി വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു.
പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങള്‍ ഇഷ്ടാനുസരണം, നിയമാനുസരണം മുറിക്കാമെന്ന ഉത്തരവാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും വൈകാതെ പുറത്തിറങ്ങാന്‍ പോകുന്നത്. ഇതോടെ പട്ടയ ഭൂമിയിലും കാട്ടിലും കയറി മരം മുറിക്കാമെന്ന അവസ്ഥ നിലവില്‍ വരും. അതോടെ അപ്പനപ്പൂന്‍മാര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കൊക്കെ മഴു വീഴുമെന്ന് ഉറപ്പായി.
മരങ്ങള്‍ മുറിക്കുന്നതുസംബന്ധിച്ച അവ്യക്തത നീക്കാന്‍ ചട്ടഭേദഗതിക്ക് നിയമവകുപ്പ് നടപടി തുടങ്ങികഴിഞ്ഞു. സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് നടപടി. 1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.പ്രസ്തുത നിയമഭേദഗതിയില്‍ ഒറ്റനോട്ടത്തില്‍ പിശകൊന്നും കാണാന്‍ കഴിയില്ലെങ്കിലും ഉത്തരവിറങ്ങി അധികം വൈകാതെ കുഴപ്പങ്ങള്‍ കേരളം അനുഭവിച്ചു തുടങ്ങും. അങ്ങനെ കേരളത്തിന് ഡല്‍ഹിയുടെ അവസ്ഥ വരും.
ഭൂപതിവ് ചട്ടത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ പറയുന്ന 65 ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതിനല്‍കുംവിധം ഭേദഗതിവരുത്തണമെന്നാണ് നിയമ വകുപ്പിന്റെ നിലപാട്. ഇക്കാര്യം നിയമവകുപ്പ് റവന്യൂവകുപ്പിനെ അറിയിച്ചു. മരങ്ങളുടെ പട്ടികയില്‍ വ്യക്തത വരുത്തുകയും വനേതരപ്രദേശത്തെ വൃക്ഷങ്ങള്‍ മുറിക്കാനുള്ള 2005-ലെ ആക്ടിന്റെ 2007-ലെ ഭേദഗതിയില്‍ വീണ്ടും ഭേദഗതി കൊണ്ടുവരേണ്ടിവരുമെന്നും നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. 2007 ലെ ഭേദഗതി കൊണ്ടു വന്നത് വി എസാണ്.
മരംകൊള്ളയ്ക്ക് വഴിയൊരുക്കിയ ഉത്തരവില്‍ അവ്യക്തതകള്‍ ഉണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പറയുന്നത് . ഉത്തരവിന്റെ മറവില്‍ സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍പോലും മുറിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഉത്തരവ് റദ്ദുചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജുവിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സദുദ്ദേശത്തോടെ കൊണ്ടുവന്ന ഒരു ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതെന്നാണ് ജലതിലക് പറയുന്നത്.ഈ സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിനെ സമീപിച്ചത്.
പട്ടയഭൂമികളിലെ മരങ്ങള്‍, നഷ്ടപ്പെട്ട മരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കളക്ടര്‍മാരില്‍നിന്ന് ഒരാഴ്ചയ്ക്കകം ശേഖരിച്ചുനല്‍കണമെന്ന് ജലതിലക് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ഒക്ടോബര്‍ 24 -ലെ ഉത്തരവില്‍ പ്രശ്‌നമൊന്നുമില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചാണ് മരംകൊള്ള നടന്നതെന്നുമുള്ള നിലപാടില്‍ മുന്‍ വനം, റവന്യൂ മന്ത്രിമാരും എല്‍.ഡി.എഫ്. നേതാക്കളും നില്‍ക്കുമ്പോഴാണ് ഉത്തരവിറക്കിയയാള്‍ നിലപാട് മാറ്റിയത് .
പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും നിലനിര്‍ത്തിയതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നു കാണിച്ച് 2020 മാര്‍ച്ച് 11 -ന് ഉത്തരവിറക്കിയിരുന്നു. റിസര്‍വ് ചെയ്ത മരങ്ങളും മുറിക്കാമെന്ന ഉത്തരവിലെ പിശക് ഒഴിവാക്കിയാണ് ഒക്ടോബര്‍ 24 -ന് ഉത്തരവിറക്കിയതെന്നും ജയതിലക് കത്തില്‍ പറയുന്നു. 1964 -ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചുകിട്ടുമ്പോള്‍ വൃക്ഷവില അടച്ച് റിസര്‍വ് ചെയ്തതും കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്തു വന്നതുമായ എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്കു മാത്രമാണെന്നായിരുന്നു ഉത്തരവ്.
ഉത്തരവില്‍ സര്‍ക്കാര്‍ കണ്ട അവ്യക്തതകള്‍ ഏതാണെന്ന് അറിയില്ല. മരംകൊള്ളയ്ക്ക് സാഹചര്യമൊരുങ്ങുമെന്ന് കളക്ടര്‍മാരുള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും 2021 ഫെബ്രുവരി രണ്ടിനാണ് ഉത്തരവ് റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതിലാണ് സര്‍ക്കാരിനെ കേരളം സംശയിക്കുന്നത്. അവ്യക്തത ഉണ്ടെന്ന് കണ്ടാല്‍ സര്‍ക്കാര്‍ അപ്പോള്‍ തന്നെ ഉത്തരവ് റദ്ദാക്കുകയാണ് ചെയ്യുന്നത്.
വിവരങ്ങള്‍ ഉടന്‍ നല്‍കാന്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. വിവരശേഖരണത്തിന് വില്ലേജ് ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമെങ്കില്‍ താത്കാലിക ക്രമീകരണത്തിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























