ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ഒടുവില്‍ കസ്റ്റംസ് കണ്ടെത്തി.... മനുഷ്യരല്ല !ജയിലിലടക്കാന്‍ കഴിയില്ല അതിനാല്‍ കോംപ്ലിമെന്റ്

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ഒടുവില്‍ കസ്റ്റംസ് കണ്ടെത്തി. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വിമാന കമ്പനികളാണ് അവ. കേള്‍ക്കുമ്പോള്‍ ചിരി വരരുത്. കസ്റ്റംസിന്റെ വിചിത്രമായ കണ്ടെത്തലില്‍ കസ്റ്റംസിന് മാത്രം യാതൊരു നാണകേടുമില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വിമാനകമ്പനികള്‍ക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിദേശ വിമാനകമ്പനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കസ്റ്റംസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനുള്ള അനുമതി കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയയ്ക്കുവാനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കസ്റ്റംസിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അറ്റാഷെക്ക് നോട്ടീസയച്ചത് മാത്രമാണ് അടുത്ത കാലത്ത് കേട്ട ഏക പുരോഗതി. അറ്റാഷെ പൊടിയും തട്ടി സ്ഥലം വിട്ടു കഴിഞ്ഞു. ഇനി അദ്ദേഹത്തെ പിടിക്കാന്‍ കഴിയില്ല. എം. ശിവശങ്കറിനെയും മറ്റും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കൊണ്ടുപോയ കാഴ്ചകള്‍ മനസില്‍ നിന്നും മായാത്തവര്‍ ഇന്ന് അതൊക്കെ ഓര്‍ത്താല്‍ തല തല്ലി ചിരിക്കും.
നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ വരുമ്പോള്‍ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ലെന്നാണ് കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍.
കോണ്‍സല്‍ ജനറലിന്റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ലത്രേ. എന്നാല്‍ കാര്‍ഗോകളെ നയതന്ത്ര കാര്‍ഗോകളാക്കി വിമാന കമ്പനികള്‍ മാറ്റുകയായിരുന്നു. അത് വലിയൊരു അത്ഭുതമല്ലേ?
ആരാണ് ഈ വിമാനകമ്പനികള്‍ ? യു എ ഇ ആസ്ഥാനമായുള്ള കമ്പനികളാണ് ഇവ. അവര്‍ ഇന്ത്യന്‍ കമ്പനികളല്ല. അതുകൊണ്ടുതന്നെ കസ്റ്റംസിന് വിദേശ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. അറ്റാഷെക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്തതു പോലെയായിരിക്കും വിമാനകമ്പനികള്‍ക്കെതിരായ നടപടിയും.
ആറാംതവണ സ്വര്‍ണം കടത്തിയ സമയത്ത് വിദേശത്ത് കാര്‍ഗോ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജന്‍സികളോട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് വിമാനകമ്പനികള്‍ ഇത് തിരികെ നല്‍കുകയായിരുന്നു. ഇതില്‍ അത്ഭുതമൊന്നുമില്ല.കാരണം കമ്പനികള്‍ നടത്തുന്നത് യു എ ഇ പൗരന്‍മാരാണ്. ഇന്ത്യയിലെ കസ്റ്റംസ് കേസെടുത്തെന്ന് കരുതി അവര്‍ക്ക് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
ഇതെല്ലാം ചെയ്യുന്നത് കസ്റ്റംസ് നിഷ്‌കളങ്കരായതുകൊണ്ടാണെന്ന് ആരും കരുതരുത്. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കേണ്ടി വരുമ്പോഴാണ് കുറ്റവാളികളെ വിദേശത്ത് കണ്ടെത്തുന്നത്. വിദേശീയരായ കുറ്റവാളികളെ ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് കസ്റ്റംസിനെ ആരും പഠിപ്പിക്കേണ്ട.
?
https://www.facebook.com/Malayalivartha

























