ഒന്നൊന്നായി പുറത്താകുമ്പോള്‍... വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും ആവര്‍ത്തിച്ച് ബന്ധുക്കള്‍; താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് വിസ്മയ പലപ്പോഴും പറഞ്ഞു; മൊബൈല്‍ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാന്‍; വിസ്മയുടെ ആ മോഹമാണ് കിരണിനെ പ്രകോപിതനാക്കിയത്

നാടിളകിയതോടെ വിസ്മയയുടെ മരണ കാരണം ശക്തമായി അന്വേഷിക്കുകയാണ് പോലീസ്. അതേസമയം തന്നെ വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവര്‍ത്തിച്ചു പറയുകയാണ് സഹോദരനും പിതാവും. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ അത് അംഗീകരിക്കുന്നില്ല.
വിസ്മയ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ ശ്രമമായിരിക്കാം കിരണിനെ പ്രകോപിപ്പിച്ചതെന്നും അവര്‍ വിശ്വസിക്കുന്നു.
താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറയുന്നു.
തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലില്ല. കഴുത്തിലെ പാട് കണ്ടാല്‍ തൂങ്ങി മരിച്ചതാണെന്നു തോന്നില്ല.
വിസ്മയയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. മരണത്തിന്റെ തലേ രാത്രിയും പരീക്ഷ എഴുതാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിന്റെ വിഷമമാണ് വിസ്മയ അമ്മയോടു പറഞ്ഞത്. പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണം അയച്ചുതരണമെന്നും അമ്മയോടു പറഞ്ഞിരുന്നു.
സഹോദരി സ്ത്രീധനത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന സമയത്താണ് താന്‍ വിവാഹം കഴിക്കുന്നതെന്നും അതുകൊണ്ട് തന്നെ സ്ത്രീധനം വേണ്ടെന്ന് നിബന്ധന വച്ചിരുന്നെന്നും വിസ്മയയുടെ സഹോദരന്‍ വിജിത് വി.നായര്‍ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിജിത് പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടും മകളെ വീണ്ടും ഭര്‍തൃവീട്ടിലേക്കു പറഞ്ഞുവിട്ട രക്ഷിതാക്കളാണ് മരണത്തിന് ഉത്തരവാദി എന്ന്് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിമര്‍ശിക്കുന്നുണ്ട്. അതു പൂര്‍ണമായും തെറ്റാണ്. കുടുംബാംഗങ്ങള്‍ക്കു ദുഃഖമുണ്ടാക്കുന്നതാണ്. വിസ്മയയ്ക്ക് വിവാഹമോചനം നേടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സ്വന്തം വീട്ടില്‍നിന്നു പരീക്ഷ എഴുതാന്‍ കോളജില്‍ പോയ വിസ്മയയെ കിരണ്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഇനി ഉപദ്രവിക്കില്ലെന്ന് വാക്കുപറഞ്ഞാണ് അയാള്‍ കൊണ്ടുപോയത്. അവിടേക്കു പോകുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു. അച്ഛനും സഹോദരനുമായി സംസാരിക്കാതിരിക്കാന്‍ വേണ്ടി വിസ്മയയുടെ ഫോണില്‍ ആ നമ്പരുകള്‍ കിരണ്‍ ബ്ലോക്ക് ചെയ്‌തെന്നും വിജിത് ആരോപിച്ചു.
മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേ രാത്രിയില്‍ വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി കിരണ്‍കുമാറിന്റെ അമ്മ തന്നെ വെളിപ്പെടുത്തി. നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞു. പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടെതെന്നും കിരണിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.
അന്ന് രാത്രി ഉപ്പുമാവും പാലുമാണ് വിസ്മയയും കിരണും കഴിച്ചത്. പിന്നീട് രണ്ടു പേരും മുറിയിലേക്കു പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വിസ്മയ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. തങ്ങള്‍ ചെല്ലുമ്പോള്‍ വിസ്മയ വസ്ത്രം മാറി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെ, ഈ രാത്രിയില്‍ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്ന് കിരണിന്റെ അച്ഛന്‍ ചോദിച്ചു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞു.
നേരത്തേയും ഇതുപോലെ വിസ്മയ നിര്‍ബന്ധം പിടിച്ചിട്ടുണ്ട്. അന്ന് വീട്ടില്‍ കൊണ്ടു വിട്ടിട്ടുമുണ്ട്. കിരണ്‍ വസ്ത്രം മാറി കിടന്നു. ഞങ്ങള്‍ മുറി വിടുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചില്‍ കേട്ടത്. അമ്മേ, അച്ഛാ, ഓടി വാ... എന്ന നിലവിളിയായിരുന്നു കിരണിന്റേത്. ചെന്നു നോക്കുമ്പോള്‍ കിരണ്‍ വിസ്മയയുടെ നെഞ്ചില്‍ ശ്വാസം കിട്ടാനായി അമര്‍ത്തുകയായിരുന്നു.
വേഗം കാറെടുത്ത് ആശുപത്രിയിലേക്കു കൊണ്ടു പോയി. വീട്ടില്‍ നിന്നും കൊണ്ടു പോകുമ്പോള്‍ വിസ്മയയ്ക്കു ജീവനുണ്ടായിരുന്നു. കണ്ണുകള്‍ ചെറുതായി ഒന്നു തുറക്കുകയും ചെയ്തതായും ചന്ദ്രമതി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















