പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

പണം ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കല്‍ കുളപ്പട സ്വദേശി ഷൈന്‍ മോഹന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ പകരം ഇരുപത് ലക്ഷം രൂപ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകള്‍ ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവര്‍ പരാതിക്കാരിക്ക് നല്‍കിയത്.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.അസിസ്റ്റന്റ് കമ്മീഷണര്‍ അജയനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സജീദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, എസ്‌ഐമാരായ സന്ദീപ്, പ്രജീവ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിന്‍, അരുണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















