ജീവന്‍പായിച്ച മത്സരയോട്ടം... രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ മറ്റൊരു സംഘം കൂടിയുണ്ടെന്ന് കണ്ടെത്തല്‍; കൊടുവള്ളി, ചെര്‍പ്പുളശ്ശേരി സംഘങ്ങള്‍ക്കു പുറമെ കണ്ണൂരില്‍ നിന്നുള്ള സംഘം കൂടി

മലയാളികളെ ഞെട്ടിച്ച വാഹനാപകടമായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍ സംഭവിച്ചത്. 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പെട്ടന്ന് ദുരൂഹതയിലേക്ക് മാറി മറിഞ്ഞു.
എയര്‍പോര്‍ട്ടില്‍ പോയവര്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത സംശയമായി. എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിയല്ലെന്ന് മനസിലായതോടെ അന്വേഷണം മുറുകി.
അവസാനം രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലും സ്വര്‍ണക്കവര്‍ച്ചയിലും മൂന്നാമതൊരു സംഘത്തിന്റെ കൂടി സാന്നിധ്യമുണ്ടെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍.
കൊടുവള്ളി, ചെര്‍പ്പുളശ്ശേരി സംഘങ്ങള്‍ക്കു പുറമെ കണ്ണൂരില്‍ നിന്നുള്ള സംഘം കൂടി സ്വര്‍ണത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു.
കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തില്‍ പെട്ട ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടര്‍ന്നത്. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കാനാണ് 15 പേരടങ്ങുന്ന ചെര്‍പ്പുളശ്ശേരി സംഘമെത്തിയതെന്നും പൊലീസ് പറഞ്ഞു.
കൊടുവള്ളി സംഘത്തിനായി എത്തിയ സ്വര്‍ണം കവര്‍ച്ച ചെയ്യാനാണ് ചെര്‍പ്പുളശ്ശേരി സംഘം എത്തിയത് എന്നായിരുന്നു തിങ്കളാഴ്ച പൊലീസ് പറഞ്ഞത്. സ്വര്‍ണം പക്ഷേ, പുറത്തു കടത്തുംമുന്‍പേ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു.
കൊടുവള്ളിയിലെ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി ദുബായില്‍ നിന്നു സ്വര്‍ണമെത്തുന്ന വിവരം കാരിയര്‍ തന്നെ കണ്ണൂര്‍ സംഘത്തിനു ചോര്‍ത്തി നല്‍കിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു കവര്‍ച്ചസംഘത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്.
കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കിലോഗ്രാം സ്വര്‍ണവുമായി മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്.
സ്വര്‍ണം തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു തമ്പടിച്ചിട്ടുണ്ടെന്നു ചെര്‍പ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. കണ്ണൂര്‍ സംഘമെത്തിയ കാറും ഇവരുടെ നിരീക്ഷണത്തിലുണ്ടായിരുന്നു. സ്വര്‍ണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്തു പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണ്.
ഇതോടെ ഇവര്‍ മടങ്ങാനൊരുങ്ങി. ദുബായ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തെത്തിയതിനു പിന്നാലെ കണ്ണൂര്‍ സംഘത്തിന്റെ കാര്‍ പുറത്തേക്കിറങ്ങിയതോടെ സ്വര്‍ണം ഇവരുടെ കയ്യിലെത്തിയെന്നു ചെര്‍പ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളില്‍ പിന്തുടര്‍ന്നതായാണ് പിടിയിലായവരുടെ മൊഴി.
രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്തു വച്ചു തന്നെ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുന്‍പിലുള്ള വാഹനം അപകടത്തില്‍ പെടുകയായിരുന്നു. രാമനാട്ടുകര പുളിഞ്ചോട് വളവിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
സംഘത്തിലുണ്ടായിരുന്ന 8 പേരെ പൊലീസ് തിങ്കളാഴ്ച തന്നെ പിടികൂടിയിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഒരു വാഹനവും രണ്ടു പേരെയും കൂടി പിടികൂടാനുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ദുരൂഹമായി തുടരുന്ന അപകടത്തിന്റെ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
"
https://www.facebook.com/Malayalivartha






















