എല്ലാം പഴയ പരസ്യം പോലെ... രാഷ്ട്രീയത്തിലിറങ്ങിയ സാബു ജേക്കബിന് ബിസിനസില്‍ തിരിച്ചടി; തുടര്‍ച്ചയായ പരിശോധന കാരണം ബിസിനസ് താളം തെറ്റുന്നു; അവസാനം 3500 കോടിയുടെ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി കിറ്റെക്‌സ്

ഒരു കാലത്ത് കിറ്റെക്‌സിന്റെ പരസ്യം വളരെ ഹിറ്റായിരുന്നു. കിറ്റെക്‌സ് ലുങ്കിയുടുത്തു വാ... പരസ്യം കണ്ട് കിറ്റെക്‌സ് കൈലി വാങ്ങിയുടുത്ത ധാരാളം ആള്‍ക്കാറുണ്ട്. ആ കിറ്റെക്‌സ് കമ്പനി മുതലാളി സാബു ജേക്കബ് ആകെ ധര്‍മസങ്കടത്തിലാണ്. നിരന്തര പരിശോധനയാണ് പ്രശ്‌നം.
അവസാനം സര്‍ക്കാരുമായി ചേര്‍ന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് കിറ്റെക്‌സ്. പദ്ധതികള്‍ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് വ്യക്തമാക്കി. സര്‍ക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് പിന്‍വാങ്ങല്‍. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
അനാവശ്യമായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ പല വകുപ്പുകളുടെയും പരിശോധനകള്‍ നടന്നിരുന്നു. ഒരു മാസത്തിനിടയില്‍ 11 പരിശോധനകള്‍ നടന്നു എന്നാണ് കിറ്റെക്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന നടപടിയാണിതെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.
സര്‍ക്കാരിന്റെ ഈ സമീപനം മൂലം വികസനപദ്ധതികളുമായി കമ്പനി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് പറയുന്നു. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ചാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരല്‍ പാര്‍ക്ക്, മൂന്ന് മറ്റു വ്യവസായ പാര്‍ക്കുകള്‍ എന്നിവ സംസ്ഥാനത്ത് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തില്‍ ഉണ്ടായിരുന്നത്.
പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 20,000 ഓളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കാനിരുന്നതെന്നും, എന്നാല്‍ ഇപ്പോള്‍ വ്യവസായ അനുകൂല സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും കിറ്റെക്‌സ് പറയുന്നു. ഇനി പരീക്ഷണം നടത്താന്‍ സാധിക്കാത്തതിനാല്‍ പദ്ധതികളില്‍നിന്ന് പിന്നോട്ടു പോകുകയാണെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സാബു ജേക്കബിനെതിരെ പിടി തോമസ് എംഎല്‍എ രംഗത്തെത്തി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെയാണ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് കമ്പനി പിന്മാറിയത്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ആ കമ്പനിയില്‍ നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ചൂണ്ടികാണിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും പി ടി തോമസ് എം എല്‍ എ പ്രതികരിച്ചു. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ല. തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതിന് രേഖകളുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.
കടമ്പ്രയാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ കിഴക്കമ്പലം പഞ്ചായത്ത് നോട്ടീസ് കൊടുത്തപ്പോള്‍ ആ പഞ്ചായത്ത് പിടിച്ചെടുക്കുകയാണ് ചെയ്തത്. അങ്ങനെയെങ്കില്‍ കിറ്റെക്‌സ് എം ഡി സാബു ജേക്കബ് സംസ്ഥാനഭരണം പിടിച്ചെടുത്തായിരിക്കും അതിനെ പ്രതിരോധിക്കാന്‍ പോകുന്നതെന്നും പി.ടി. തോമസ് ചോദിച്ചു.
https://www.facebook.com/Malayalivartha
























