ബഹ്‌റക്ക് കേന്ദ്രത്തില്‍ ഉന്നത പദവിയോ? സിയാലുമായി പിണറായി പിറകെ...

ബഹ്‌റക്ക് കേന്ദ്രത്തില്‍ ഉന്നത പദവിയോ? കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ മേധാവിയായി ബഹ്‌റയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരില്‍ ഒരു ഉന്നത പദവിക്കായി ബഹ്റ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഭീകര സംഘടനകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് ഇസ്ലാമിക് സംഘടനകളുടെ ആരോപണം.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നുവെന്ന വ്യക്തമാക്കിയ ഡിജിപി ലോക്നാഥ് ബെഹ്റയെ പോപുലര്‍ ഫ്രണ്ട് വെല്ലുവിളിച്ചത് ഈ സാഹചര്യത്തിലാണ്.
മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമര്‍ശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടതെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ അഭിപ്രായം.
സംസ്ഥാനത്തിന്റെ പോലിസ് മേധാവിയെന്ന ഉന്നതമായ പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ ഇത്തരം പ്രസ്താവനയല്ല ഡിജിപി നടത്തേണ്ടിയിരുന്നത്. ഇത്രയും കാലം കേരളാ പോലിസിനെ നയിച്ച ഡിജിപിയുടെ വിവാദ പരാമര്‍ശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങള്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു.
ഡിജിപിയുടെ പരാമര്‍ശം സര്‍ക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണ്. താന്‍ ഇത്രയും കാലം സംരക്ഷിച്ച ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും ഉത്തരവാദിത്തമുണ്ട്. ഡിജിപി ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഉടന്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബഹ്‌റയുടെ ബി ജെ പി ബന്ധത്തെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞില്ലെങ്കിലും അത് പരസ്യമായ രഹസ്യമാണ്. ബഹ്‌റക്ക് മോദിയുമായി അടുത്തു ബന്ധമുണ്ടെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. ബി ജെ പി യെയും പിണറായിയെയും കൂട്ടിമുട്ടിക്കുമ്പോള്‍ എല്ലാവരും പറയുന്ന പേരാണ് ബഹ്‌റയുടേത്. സെന്‍കുമാര്‍ പിന്നീട് ബി ജെ പിക്കാരനായെങ്കിലും അദ്ദേഹത്തെ മാറ്റി ബഹ്‌റക്ക് സംസ്ഥാന പോലീസ് മേധാവി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാന പോലീസ് മേധാവിയായതോടെ ലോകനാഫ് ബഹ്‌റ പിണറായിയുമായി ചങ്ങാത്തത്തിലായി.ഇത് ബി ജെ പിയെയും കേന്ദ്ര സര്‍ക്കാരിനെയും അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് സി ബി ഐ മേധാവി സ്ഥാനത്ത് നിന്നും ബഹ്റ തെറിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്വര്‍ണ്ണകള്ളകടത്തില്‍ ബഹ്‌റ ബി ജെ പിക്കൊപ്പം നില്‍ക്കാത്തതും അവരെ വെറുപ്പിച്ചു.
കുഴല്‍പണ വിവാദത്തിലും ബഹ്‌റക്ക് തട്ടുകിട്ടി. കെ.സുരേന്ദ്രനെ കേസില്‍ വലിച്ചിഴച്ചത് ബഹ്‌റയാണെന്ന് ബിജെപി കരുതുന്നു. വേണമെങ്കില്‍ തേയ്ച്ചുമാച്ച് കളയാമായിരുന്ന ഒരു ആരോപണമാണ് വന്‍ വിവാദമാക്കി തീര്‍ത്തതെന്ന് സുരേന്ദ്രന്‍ കരുതുന്നു.
ബഹ്‌റയുടെ നീക്കങ്ങള്‍ക്കെതിരെ സുരേന്ദ്രന്‍ കടുത്ത പാരയുമായി രംഗത്തുണ്ട്.
ഇസ്ലാമിക തീവ്രവാദം ബി ജെ പിയെ സംബന്ധിച്ചടത്തോളം ഇഷ്ടവിഷയമാണ്. അത് ബഹ്‌റക്ക് നന്നായറിയാം. തന്റെ പ്രസ്താവനയെ പോപ്പുലര്‍ ഫ്രണ്ട് വിവാദമാക്കുന്നതില്‍ ബഹ്‌റ സന്തുഷ്ടനാണ്. തന്റെ പ്രസ്താവന എത്രത്തോളം വിവാദമാകുമോ അത്രയും നന്നെന്ന അഭിപ്രായക്കാരനാണ് ബഹ്‌റ.
എന്നാല്‍ ബഹ്‌റയുടെ മോഹങ്ങളുടെ ക്ലൈമാക്‌സ് തകര്‍ന്നടിയുമോ എന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ നീക്കങ്ങള്‍ വ്യക്തമായാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ .കാരണം ഇസ്ലാമിക സംഘടനകളുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്നയാളാണ് പിണറായി വിജയന്‍. കേന്ദ്രം കൈ മലര്‍ത്തുകയും സംസ്ഥാനം തിരിഞ്ഞുകൊത്തുകയും ചെയ്താല്‍ ബഹ്‌റക്ക് കേരളം വിടേണ്ടി വരും.
https://www.facebook.com/Malayalivartha
























