ഗോ കൊറോണാ ഗോ... ഡോ. ഹര്‍ഷവര്‍ധനനെ പറഞ്ഞ് വിട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ മന്‍സുഖ് മാണ്ഡവ്യ തുടക്കം തന്നെ ഗംഭീരമാക്കി; മുറിയില്‍ പൂജ മന്ത്രിക്കസേരയില്‍ ചരട് ജപിച്ചുകെട്ടി; ആരോഗ്യ മന്ത്രിയുടെ തുടക്കം വൈറലാകുന്നു

കോവിഡ് മഹാമാരിയെ തുരത്തുന്നതിനായി പുതിയ ദൗത്യം ഏറ്റെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടക്കം തന്നെ ഗംഭീരമാക്കി. ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി ഓഫീസില്‍ പ്രത്യേക പൂജ നടത്തി മന്‍സുഖ് മാണ്ഡവ്യ ശ്രദ്ധ നേടി. മന്ത്രി കസേരയില്‍ ചരട് ജപിച്ച് കെട്ടുകയും ചെയ്തു.
കോവിഡ് പ്രതിസന്ധി വലിയ തോതില്‍ രാജ്യത്തെ ബാധിക്കുമ്പോഴാണ് ഡോ. ഹര്‍ഷ് വര്‍ധനെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യം മാണ്ഡവ്യയെ ഏല്‍പ്പിക്കുന്നത്. പുതിയ ആരോഗ്യമന്ത്രി കസേരയില്‍ മന്ത്രച്ചരട് കെട്ടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം, വകുപ്പിനെക്കുറിച്ച് വ്യക്തമായി പഠിച്ചു തന്നെയാണ് മാണ്ഡവ്യ സ്ഥാനം ഏറ്റെടുത്തത് എന്നാണ് സംസാരം. കഴിഞ്ഞ ആറു ദിവസമായി മാണ്ഡവ്യ രാജ്യത്തെ പ്രമുഖ വാക്‌സീന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. വളം, കെമിക്കല്‍ വകുപ്പുകളുടെ സഹമന്ത്രിയായ മാണ്ഡവ്യ ആരോഗ്യ വകുപ്പിലേക്കെത്തും മുന്‍പുള്ള ഒരുക്കമായാണ് ഈ സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. സീറം ഇന്‍സ്റ്റിറ്റിയൂട്ട് (പുണെ), സൈഡസ് (അഹമ്മദാബാദ്), കോവാക്‌സീന്‍ (അഹമ്മദാബാദ്) എന്നീ കമ്പനികളുടെ കേന്ദ്രങ്ങളിലാണ് മാണ്ഡവ്യ എത്തിയത്.
ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ആളാണ് മാണ്ഡവ്യ. പിന്നീട് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എബിവിപിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിളങ്ങിയ മാണ്ഡവ്യ ബിജെപിയിലൂടെ നേതൃനിരയിലെത്തി. 2002ല്‍ 28ാം വയസ്സില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലെത്തി. 2016ല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് അവസരം ലഭിച്ചു.
മോദി സര്‍ക്കാരില്‍ ഗതാഗതം, തുറമുഖം, കെമിക്കല്‍, വളം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിട്ടായിരുന്നു മാണ്ഡവ്യയുടെ വരവ്. പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടുമുള്ള വിശ്വസ്തത മാണ്ഡവ്യയ്ക്ക് കാബിനറ്റ് മന്ത്രി പദവി നേടിക്കൊടുത്തു. നരേന്ദ്ര മോദിയും അമിത്ഷായും ഒരിക്കല്‍ കൂടി എന്നില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. അവരോട് നന്ദിയുണ്ട്. എന്നാണ് മാണ്ഡവ്യ പറഞ്ഞത്.
അതേസമയം കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനു കേന്ദ്ര സര്‍ക്കാര്‍ 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ചു. പുനഃസംഘടനയ്ക്കു ശേഷമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
736 ജില്ലകളില്‍ ശിശുരോഗ വിഭാഗങ്ങള്‍, 20,000 ഐസിയു കിടക്കകള്‍, പുതിയ മരുന്നുകളുടെ സ്‌റ്റോക്കുകള്‍ എന്നിവ ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 23,000 കോടിയില്‍ 15,000 കോടി കേന്ദ്രം മുടക്കുമെന്നും 8000 കോടി സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അടുത്ത 9 മാസത്തിനുള്ളില്‍ നടപ്പിലാക്കും.
കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കുമെന്നു മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവച്ച ഒരു ലക്ഷം കോടി രൂപ കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം, സാമ്പത്തികം തുടങ്ങി വിവധ വകുപ്പുകളിലെ മന്ത്രിമാരുടെ പ്രകടനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആരോഗ്യം, ഐടി, എണ്ണ തുടങ്ങിയ വകുപ്പുകളില്‍ മോദി പുതിയ മന്ത്രിമാരെ നിയമിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























