വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്

ആശുപത്രിയില്‍ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി യുവനേതാവിനെതിരെ കേസ്. ബിജെപി യുവ മോര്‍ച്ച സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം അനില്‍ ശ്രീവാസ്തവ, ഇയാളുടെ സഹായി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മധ്യ പ്രദേശിലെ സാഗറിലെ ബുന്ദെല്‍ഖണ്ഡ് മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
സംഭവത്തെത്തുടര്‍ന്ന് ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടുന്നതുവരെ ജോലിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ സമരം നടത്തി. പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ ലക്ഷ്മി തിവാരി എന്ന പെണ്‍കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങിയതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. രോഗിയെ എത്തിച്ച് ചികിത്സിക്കാന്‍ തുടങ്ങുമ്പോഴേക്കും അനില്‍ ശ്രീവാസ്തവയും മറ്റൊരാളും രോഗിക്കൊപ്പമെത്തി.
പെണ്‍കുട്ടിയെ ചികിത്സിക്കുന്നതിനിടെ അനിലും സഹായിയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അനില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡോക്ടറുടെ പരാതിയില്‍ പറയുന്നു. രണ്ട് പുരുഷന്മാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നഴ്‌സിങ് ജീവനക്കാരും പരാതിപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























