'കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് ചേരാത്തത്'; കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി കെ. രാധാകൃഷ്‌ണന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു എന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ. രാധാകൃഷ്‌ണന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ്. ആ പ്രസ്‌താവന കൊടിക്കുന്നിലിന്റെ സ്ഥാനത്തിനും വലിപ്പത്തിനും അനുയോജ്യമാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ഏതൊരു മനുഷ്യനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ട്. ആര് ആരെ വിവാഹം കഴിക്കണമെന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അവരവര്‍ക്കാണുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്‌ത് കൊടുക്കണമെന്ന് പറയുന്നത് പരിഷ്‌കൃത സമൂഹത്തില്‍ ചേര്‍ന്ന അഭിപ്രായമല്ല, സ്ത്രീകളോടുള്ള അവഹേളനമാണിത്. ഓരോ സ്ത്രീയ്‌ക്കും അവര്‍ക്ക് ഇഷ്ടമുളളയാളെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്ത്രീകളെ കെട്ടിച്ചുവിടേണ്ടതാണ് എന്ന പ്രസ്താവന തന്നെ ഈ കാലഘട്ടത്തില്‍ ശരിയല്ല. സ്വന്തം പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കൊടിക്കുന്നില്‍ നടത്തുന്നത്. ഇതൊന്നും കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല. അത്ര വലിയ പ്രതിസന്ധിയിലാണ് ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ നില്‍ക്കുന്നത്.
എന്റെ കാര്യം നോക്കാന്‍ എന്റെ പാര്‍ട്ടിക്ക് നല്ലപോലെ അറിയാം. 1996ല്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാര്‍ട്ടി എന്നെ മന്ത്രിയാക്കി. 2006-11 ല്‍ നിയമസഭാ സ്പീക്കറുമായി. അപ്പോള്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതിന് കൊടിക്കുന്നിലിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴാണ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. ജനങ്ങള്‍ക്കുവേണ്ടി നന്മ ചെയ്തതിനാലാണ് ജനങ്ങള്‍ വീണ്ടും എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. 16 എസ്.സി- എസ്.ടി മണ്ഡലങ്ങളില്‍ 14ലും എല്‍.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചതും ഇതുകൊണ്ടൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























