മിണ്ടാതിരുന്നാല്‍ വച്ചേക്കാം... കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കെ. സുധാകരനാണ് അവസാനവാക്കെന്നു വി.ഡി. സതീശനും കെ.സി. വേണുഗോപാലും പറഞ്ഞതോടെ കോരിത്തരിച്ച് സുധാകരന്‍; ഇനി ഏത് ചാണ്ടിയല്ല തല വന്നാലും വിറയ്ക്കില്ലെന്ന മട്ടില്‍ സുധാകരന്‍; തണുപ്പിക്കാന്‍ സതീശന്‍ രംഗത്ത്

പരസ്യമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പൊക്കി കോണ്‍ഗ്രസ് നേതാക്കള്‍. അതും വി.ഡി. സതീശനും കെ.സി. വേണുഗോപാലുമാണ് പൊക്കിയത്. അതോടെ എന്തും ചെയ്യാമെന്ന ഭാവത്തിലാണ് സുധാകരന്‍. മുല്ലപ്പള്ളി പോലും കാട്ടാത്ത ധൈര്യമാണ് സുധാകരന്‍ എടുക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കെ. സുധാകരനാണ് അവസാനവാക്കെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. പാര്‍ട്ടി സെമികേഡര്‍ സംവിധാനത്തിലേക്കു മാറേണ്ടതുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. എതിരഭിപ്രായം പറയുമ്പോഴും അതിനൊരു ലക്ഷ്മണ രേഖ വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കണ്ണൂര്‍ ഡിസിസിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു നേതാക്കള്‍ പാര്‍ട്ടിയില്‍ അച്ചടക്കത്തിന്റെ ആവശ്യം ഓര്‍മിപ്പിച്ചത്.
കോണ്‍ഗ്രസിനെ സെമി കേഡര്‍ സംവിധാനത്തിലേക്കു മാറ്റാന്‍ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുമ്പോള്‍ ഞാനടക്കമുള്ള കോണ്‍ഗ്രസുകാര്‍ കൂടെയുണ്ടാകും. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകും. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തില്‍, കെ. സുധാകരന്റേതാണ് അവസാനവാക്ക്. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമുണ്ടാകാം. അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകും. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു ലക്ഷ്യമുണ്ട്. അതൊരു മിഷനാണ്. പ്രതിസന്ധികള്‍ മറികടന്ന് അതിലേക്കെത്തുക തന്നെ ചെയ്യും. സമന്വയത്തിലും സ്‌നേഹത്തിലും മതേതരത്വത്തിലും ഉറച്ച പ്രത്യയശാസ്ത്രമാണു കോണ്‍ഗ്രസിന്റേത്. അതില്‍ വെള്ളം ചേര്‍ക്കില്ല.
വിമര്‍ശിക്കുന്നവരെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. എതിര്‍പ്പുകള്‍ ഉന്നയിക്കുമ്പോള്‍ ഒരു ലക്ഷ്മണരേഖ വേണം. പരസ്യപ്രസ്താവന നടത്തുമ്പോള്‍, എന്താണു പറയുന്നതെന്നു സ്വയം വിലയിരുത്തണം. ഇനി പരീക്ഷണത്തിനു സാവകാശമില്ല. കെ. സുധാകരനു സര്‍വസ്വാതന്ത്ര്യവും പ്രവര്‍ത്തകര്‍ നല്‍കണം. ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിരന്തരപ്രവര്‍ത്തനം വേണം. മുതിര്‍ന്ന നേതാക്കളടക്കം എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്താണു കെപിസിസി പ്രസിഡന്റ് പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ആരും വരേണ്ട. ഇവിടെ നിന്ന് ആരെയെങ്കിലും കിട്ടുമെന്ന് മറ്റാരും പ്രതീക്ഷിക്കുകയും വേണ്ട. പാര്‍ട്ടി ക്ലാസുകളും പരിശീലനവുമുണ്ടാകും. വിശാലമായ കാഴ്ചപ്പാടിലേക്കു പാര്‍ട്ടി ചട്ടക്കൂട് വളരേണ്ടതുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞുവന്നതായി കെ. സുദാകരന്‍ പറഞ്ഞു. അച്ചടക്കമുള്ള പ്രവര്‍ത്തനത്തിലാണു പാര്‍ട്ടിയുടെ വിജയം. സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ തെറിവിളിക്കുന്ന പ്രവണതയുണ്ട്. അതില്‍ പെടരുത്. ഇനിയുള്ള കാലം അടുക്കും ചിട്ടയും വേണം. പരിശീലനം നേടണം. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയണം. സെമി കേഡര്‍ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഡിസിസി പ്രസിഡന്റുമാര്‍ക്കു 2 ദിവസത്തെ പരിശീലനം നല്‍കും. അവരുടെ പിന്നില്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സുധാകരന്‍ പറഞ്ഞു.
ഈ പ്രസംഗങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. പുനഃസംഘടനാ തര്‍ക്കത്തെത്തുടര്‍ന്ന് അകന്ന പഴയ നേതൃത്വവും പുതിയ നേതൃത്വവും വീണ്ടും സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ടു.
കണ്ണൂരിലെ പുതിയ ഡിസിസി ഓഫിസ് ഉദ്ഘാടന ചടങ്ങിനു നേരിട്ടെത്താന്‍ കഴിയാത്തതിന്റെ അസൗകര്യം ചെന്നിത്തല വ്യക്തമാക്കി. തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്നും സതീശന്‍ ചെന്നിത്തലയോട് അഭ്യര്‍ഥിച്ചു. ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ടെങ്കിലും ഇരു നേതാക്കള്‍ക്കും സംസാരിക്കാനായില്ല. യുഡിഎഫ് യോഗത്തിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുമായും സതീശന്‍ സംസാരിക്കും.
https://www.facebook.com/Malayalivartha



























