കേരളം ഇനി നേരിടാനിരിക്കുന്നത്; കോവിഡ് കുറയാത്തതും വാക്സിനേഷന് തുടങ്ങാത്തതും കനത്ത വെല്ലുവിളി, സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ധര്‍, പ്രതിസന്ധി തുടരുന്നു

കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ധര്‍ നിര്‍ദേശിച്ചപ്പോഴും കോവിഡ് നിയന്ത്രണ വിധേയമാകാത്തതും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കാത്തതും വലിയ വെല്ലുവിളിയായി മാറുകയാണ്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000ന് മുകളിലും ടി.പി.ആര്‍ 20 ശതമാനത്തിന് അടുത്തും നില്‍ക്കുമ്പോഴാണ് സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ച വീണ്ടും ഉടലെടുത്തിരിക്കുന്നത്. ഇത് കനത്ത പ്രതിസന്ധിയാണ് നൽകുന്നത്. മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയായിരിക്കുമെന്ന ആശങ്കയും ഇതിന് മുന്നിലുണ്ട്.
അതോടൊപ്പം തന്നെ കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഘട്ടംഘട്ടമായി സ്കൂളുകള്‍ തുറന്നതോടെയാണ് കേരളത്തിലും സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ച ഉയർന്നുവന്നത്. കോവിഡ് വ്യാപനം പരിധിവരെ നിയന്ത്രണ വിധേയമാക്കിയെന്ന കണക്കുകളുടെ ബലത്തിലാണ് ഇതരസംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറന്നത്. എന്നാല്‍ രാജ്യത്ത് ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ നില്‍ക്കുമ്പോഴാണ് കേരളത്തില്‍ സ്കൂളുകള്‍ തുറക്കുന്നതിന്റെ സാധ്യത വീണ്ടും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ എഴുതുന്ന പത്ത്, പ്ലസ് ടു കുട്ടികളെയെങ്കിലും ബാച്ചുകളായി സ്കൂളില്‍ എത്തിക്കാന്‍ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ നിലവിൽ പരിശോധിക്കുന്നത്.
കൂടാതെ വാക്സിനേഷന് ശേഷമേ സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്നാണ് നേരത്തെ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കിയിരുന്നത്. നിലവില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കാത്തതിനാല്‍ തന്നെ അതിന് ശേഷം സ്കൂള്‍ തുറക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്റെ മുന്നോടിയായി വിദ്യാര്‍ഥികളെ ബാച്ചുകളായി സ്കൂളില്‍ എത്തിച്ച് റിവിഷനും സംശയനിവാരണത്തിനും അവസരം നല്‍കിയിരുന്നു.
അതേസമയം കേരളത്തി കഴിഞ്ഞ ദിവസം 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂര്‍ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസര്‍ഗോഡ് 547 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha



























