പ്രശ്‌നമായെന്നാ തോന്നണെ.... ജീപ്പിലിരുന്ന പോലീസുകാരനെ വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി പുലിവാല് പിടിക്കുന്നു; നിയമപരമായ പരാതിക്ക് പുറമേ ട്രോളോട് ട്രോള്‍; പോലീസ് ചട്ടപ്രകാരം ജനപ്രതിനിധിക്ക് സല്യൂട്ട് അവകാശമല്ല, കീഴ്‌വഴക്കം മാത്രം

സത്യത്തില്‍ സുരേഷ് ഗോപിയുടെ ഇന്നലത്തെ സല്യൂട്ട് ചോദിച്ച് വാങ്ങുന്നത് കണ്ടപ്പോള്‍ സിനിമയാണോ ജീവിതമാണോയെന്ന് സംശയം തോന്നി. സിനിമയെ പോലെ ഉശിരന്‍ ഡയലോഗ് പറഞ്ഞ് സല്യൂട്ടടിപ്പിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലാകുകയും ചെയ്തു.
കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയുടെ അടുത്ത് ചെന്ന് വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിക്കുകയായിരുന്നു സുരേഷ് ഗോപി. ഞാനൊരു എം.പിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം, ആ ശീലം മറക്കല്ലേ... ' എന്ന് പറഞ്ഞ ഉടനെ എസ്.ഐ സല്യൂട്ട് നല്‍കി.
ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങള്‍ക്ക് ധനസഹായവും കിറ്റും നല്‍കാനായി ഇന്നലെ ഉച്ചയോടെ പുത്തൂര്‍ സെന്ററില്‍ എത്തിയപ്പോഴാണ് നാടകീയ രംഗം. രണ്ടു കിലോമീറ്റര്‍ അകലെയുളള ആനക്കുഴിയില്‍ മുറിച്ചിട്ട മരങ്ങള്‍ വനംവകുപ്പ് നീക്കിയില്ലെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു. അക്കാര്യം പറയാനാണ് ജീപ്പിനടുത്തേക്ക് ചെന്നത്. ജീപ്പില്‍ ഇരിക്കുകയായിരുന്നു ഒല്ലൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ സി.ജെ. ആന്റണി. തുടര്‍ന്നാണ് സല്യൂട്ടിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത്. പ്രാദേശിക ചാനല്‍ ചിത്രീകരിച്ച ഈ വീഡിയോ വൈറലായി.
അതേസമയം പോലീസ് ചട്ടപ്രകാരം കേരളത്തില്‍ ജനപ്രതിനിധിക്ക് പോലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണ്.
നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിലെ പോലീസുകാര്‍ എം.എല്‍.എമാരെ സല്യൂട്ട് ചെയ്തിരിക്കണം. പാര്‍ലമെന്റില്‍ എം.പിമാര്‍ക്കും സല്യൂട്ട് നിര്‍ബന്ധമാണ്. സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും മാത്രമേ സഭയ്ക്ക് പുറയ്ക്ക് സല്യൂട്ട് നല്‍കേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സഭാസമിതികളില്‍ പങ്കെടുക്കുന്ന പോലീസുദ്യോഗസ്ഥര്‍ സാമാജികരെ സല്യൂട്ട് അടിക്കണം.
ചട്ടം ഇതാണെങ്കിലും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പോലീസ് സല്യൂട്ട് നല്‍കുന്നത് കീഴ്‌വഴക്കമാണ്. അതേസമയം, യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നത് ചട്ടലംഘനവുമാണ്. കരിപ്പൂര്‍ വിമാനാപകട സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ പോലീസ് സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, മന്ത്രിമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാര്‍, ജില്ലാ പൊലീസ് മേധാവി, കളക്ടര്‍, എസ്.പിമാര്‍, യൂണിറ്റ് കമന്‍ഡാന്റ്, സൈന്യത്തിലെ ഫീല്‍ഡ് ഓഫീസര്‍, അഡ്വക്കേറ്റ് ജനറല്‍, മജിസ്‌ട്രേറ്റുമാര്‍, സേനകളിലെ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കു പുറമെ മൃതദേഹങ്ങള്‍ക്കുമാണ് ചട്ടപ്രകാരം സല്യൂട്ടിന് അര്‍ഹത.
അഡി.എസ്.ഐ മുതല്‍ ഡി.ജി.പി വരെയുള്ള പൊലീസുദ്യോഗസ്ഥരെല്ലാം സല്യൂട്ടിന് അര്‍ഹരാണ്. സല്യൂട്ട് സ്വീകരിച്ചാല്‍ പോരാ, തിരിച്ചും നല്‍കണം. യൂണിഫോമിലല്ലെങ്കില്‍ അറ്റന്‍ഷനായി ആദരവ് നല്‍കണം.
കളക്ടര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് ദിവസത്തില്‍ ആദ്യം കാണുമ്പോള്‍ മാത്രവും സെഷന്‍സ് ജഡ്ജിമാര്‍ക്കും മജിസ്‌ട്രേറ്റുമാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മാത്രവുമാണ് സല്യൂട്ട്. സാക്ഷിക്കൂട്ടില്‍ കയറുന്ന പൊലീസുകാരെല്ലാം ന്യായാധിപനെ സല്യൂട്ട് ചെയ്യണം. പല റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന് മാത്രം മതി സല്യൂട്ട്. സല്യൂട്ട് ചെയ്യാത്ത പൊലീസുകാര്‍ക്ക് തീവ്രപരിശീലനം, ക്ലാസ് എന്നിവയാണ് ശിക്ഷ.
അതേസമയം വളരെ മാന്യമായി, സല്യൂട്ടിന് അര്‍ഹതയുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മാന്യമായി സല്യൂട്ട് ചെയ്തു. സാര്‍ എന്നാണ് ഞാന്‍ വിളിച്ചത്. വീഡിയോ കൈയിലുണ്ട്. രാജ്യസഭാ സെക്രട്ടേറിയറ്റില്‍ ഞാന്‍ അന്വേഷിച്ചിട്ടുണ്ട്. പൊലീസ് സല്യൂട്ട് ചെയ്യണം എന്നാണ് അറിയിച്ചത്. പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് എതിര്‍പ്പുണ്ടാകാം. അവര്‍ രാഷ്ട്രീയക്കാരല്ലേ? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
"
https://www.facebook.com/Malayalivartha


























