പൊലിസ് പിടിച്ചെടുത്ത ഹാൻസ് പൊലീസിന് തന്നെ പണി നൽകി; കോടതി നശിപ്പിക്കാൻ പറഞ്ഞ പുകയില ഉത്പന്നങ്ങള്‍ ആരും അറിയാതെ മറിച്ചു വിറ്റു പൊലീസുകാർ അറസ്റ്റിൽ: പിന്നാലെ സസ്‌പെന്‍ഷനും

പൊലീസിന് തന്നെ നാണക്കേടുണ്ടാക്കി പിടിച്ചെടുത്ത ഹാന്‍സിന്റെ വില്‍പന. സംഭവത്തില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. പിന്നാലെ സസ്‌പെന്‍ഷനും. മലപ്പുറം കോട്ടക്കലിലാണ് പൊലീസിന് നാണക്കേടുണ്ടായ സംഭവം നടക്കുന്നത് . പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നമായ ഹാന്‍സിന്റെ ആയിരത്തിലേറെ പാക്കെറ്റുകളായിരുന്നു പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് മറച്ചു വിറ്റത്.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ രജീന്ദ്രന്‍, സീനിയര്‍ സി പി ഒ സജി ചെറിയാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 21-നാണ് കോട്ടക്കല്‍ പൊലീസ് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. നാസര്‍, അഷ്റഫ് എന്നിവര്‍ മിനി ടെംപോ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 1600-ഓളം പാകെറ്റ് ഹാന്‍സാണ് പിടികൂടിയത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഒൻപതിനാണ് പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാനും ഉത്തരവുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് പകരം ആരുമറിയാതെ മറിച്ചു വിൽക്കാനുള്ള ശ്രമം നടത്തിയത്.
റഷീദ് എന്ന ഏജന്റ് മുഖേനയാണ് പൊലീസുകാര്‍ ഹാന്‍സ് പാകെറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഇതിനായി നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുമുണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞ നാസറും അഷ്റഫുമാണ് പൊലീസുകാരുടെ ഹാന്‍സ് വില്‍പന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ചത്.
ഇതിനു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി സംഭവം സ്ഥിരീകരിക്കുകയും രണ്ട് പൊലീസുകാരെയും കയ്യോടെ പിടികൂടുകയുമായിരുന്നു. ജോലി ചെയ്ത പൊലീസ് സ്റ്റേഷനില്‍ തന്നെ നിലവില്‍ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























